ഖറന്‍ഖശു ഇന്ന്; ആഘോഷ രാവിന് നിറംമങ്ങും
text_fieldsമത്ര: റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശു ചൊവ്വാഴ്ച. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷ രാവിന് നിറംമങ്ങും. റമദാൻ 14നാണ് അറബ് ബാല്യ-കൗമാരങ്ങളുടെ ഈ പാരമ്പര്യ ആഘോഷം നടക്കുന്നത്. വീടുകളും പരിസരങ്ങളും വര്‍ണവിളക്കുകള്‍ തൂക്കി അലങ്കരിച്ചും കൊട്ടുംപാട്ടുമായി വരുന്ന കുട്ടിക്കൂട്ടങ്ങളെ സ്വീകരിക്കാന്‍ സമ്മാനപ്പൊതികള്‍ ശേഖരിച്ചും സ്വദേശി വീടുകള്‍ നേരെത്തേ തന്നെ ഒരുങ്ങും.
കുട്ടികള്‍ സംഘമായി വന്ന് വീടുമുറ്റത്ത് നിന്നും കൊട്ടിപ്പാടുന്ന രീതിയിലാണ് ആഘോഷം. തകരപാട്ടകളും കല്ലുകളും മറ്റുമുപയോഗിച്ചാണ് കൊട്ടുക. വീടുകളിലെത്തുന്ന ഖറന്‍ഖശു സംഘത്തിന് കൈ നിറയെ സമ്മാനങ്ങള്‍ നല്കി സന്തോഷത്തോടെ വീട്ടുകാര്‍ യാത്രയാക്കും. പ്രത്യേക താളത്തില്‍ കൊട്ടിപ്പാടുന്ന പാട്ടില്‍ 'റമദാന് പകുതി പിന്നിട്ടു... മധുര പലഹാരങ്ങളും ഈദിയ്യയും തരൂ...' എന്നൊക്കെ അർഥമുള്ള വരികളാണ് അടങ്ങിയിട്ടുള്ളത്. കോവിഡിന് മുമ്പ് റസിഡന്‍ഷ്യല്‍ മേഖലയിൽ ഔദ്യോഗികമായി തന്നെ ഈ ദിവസം പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ ആഘോഷം ചെറിയ തോതിൽ വീട്ടുമുറ്റങ്ങളില്‍ മാത്രം പരിമിതപ്പെടുത്താനാണ് സാധ്യത. ഖറന്‍ഖശു സാധനങ്ങള്‍ വിൽക്കുന്ന കടകളില്‍ മുന്വര്ഷങ്ങളിലേതുപോലുള്ള കച്ചവടം നടന്നില്ലെന്ന് ഈ മേഖലയിലെ വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.