ഖാർഗെയുടെ രാഷ്ട്രീയ അനുഭവസമ്പത്ത് കരുത്തേകും -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: കോൺഗ്രസിന്റെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സൗന്ദര്യം രാജ്യത്തെ ബോധ്യപ്പെടുത്തി നടന്ന തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തിയ മല്ലികാർജുൻ ഖാർഗെയെ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിനന്ദിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി തൊഴിലാളി നേതാവായും സംഘടന ഭാരവാഹിയായും എം.എൽ.എയും എം.പിയും മന്ത്രിയുമൊക്കെയായി അരനൂറ്റാണ്ടുകാലം രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ അനുഭവസമ്പത്ത് പ്രസിഡന്റ് പദവിക്ക് കരുത്തേകുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണൽ വരെ ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ആവേശവും പ്രതീതിയുമുയർത്തിയ കോൺഗ്രസ് പ്രസിഡന്റ് തെരെഞ്ഞടുപ്പ് കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇത്രയും സുതാര്യമായി ജനാധിപത്യ രീതിയിൽ നടത്താൻ കഴിഞ്ഞത് മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് വലിയ സന്ദേശമാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചർച്ചകൾ കൂടുതൽ സജീവമാക്കിയത് കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണെന്നതും ശ്രദ്ധേയമാണെന്ന് പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു.
ഡോ. ശശി തരൂരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ മാറ്റുകൂട്ടിയെന്നും സാങ്കേതികമായി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തരൂരിന് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകി ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനർ കൂടിയായ ബിജു കല്ലുമല അഭിപ്രായപ്പെട്ടു.
അരനൂറ്റാണ്ടുകാലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ കപ്പിനും ചുണ്ടിനുമിടയിൽ പല സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടപ്പോഴും അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിക്കൊപ്പം വിശ്വസ്തനായി നിന്ന ഖാർഗെയുടെ സ്ഥാനലബ്ധിയിൽ കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗവും ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം എന്നിവർ ആഹ്ലാദം പങ്കുവച്ചു.
പുതിയ നേതൃത്വം കോൺഗ്രസിനെ ശക്തിപ്പെടുത്തും -റിയാദ് ഒ.ഐ.സി.സി
റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ 62ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ കാർഗെയെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രശസ്തനായ എഴുത്തുകാരനും ആശയ നിലപാടുകൾകൊണ്ട് ശ്രദ്ധേയനുമായ ശശി തരൂരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസിന്റെ ജനാധിപത്യ സൗന്ദര്യത്തെ ചർച്ചയാക്കാൻ കാരണമായി എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. രാജ്യം വളരെ ഉത്സാഹത്തോടുകൂടി നോക്കിക്കണ്ട തെരഞ്ഞെടുപ്പായിരുന്നു കോൺഗ്രസിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കേവലം കോൺഗ്രസ് പാർട്ടിക്കുള്ളിൽ മാത്രം ചർച്ചയാവേണ്ടിയിരുന്ന വിഷയം രാജ്യവും ഒരുപക്ഷേ ലോകവും ശ്രദ്ധിച്ചു എന്നുള്ളത് ഉൾപ്പാർട്ടി ജനാധിപത്യം എത്രത്തോളമാണ് കോൺഗ്രസിനുള്ളിൽ എന്നതിന് ഉദാഹരണമാണെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ കുഞ്ഞി കുമ്പള അഭിപ്രായപ്പെട്ടു.
മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന ജനാധിപത്യ പ്രസ്ഥാനത്തെ അതിന്റെ പാരമ്പര്യം ഉൾക്കൊണ്ട് മുന്നോട്ടുനയിക്കാൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെയെന്ന് സെൻട്രൽ കമ്മിറ്റി ആശംസിച്ചു. നിയുക്ത പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് സെൻട്രൽ കമ്മിറ്റിയുടെ എല്ലാവിധ അഭിനന്ദനങ്ങളും സെൻട്രൽ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.