‘ഖത്മുൽ ഖുർആൻ’;മക്ക ഹറമിലെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ
text_fieldsമക്ക: റമദാൻ 29ാം രാവിൽ ‘ഖത്മുൽ ഖുർആനി’നോടനുബന്ധിച്ച് മക്ക ഹറമിലെ ഇശാഅ്, തറാവീഹ് നമസ്കാരത്തിൽ പെങ്കടുത്തത് 25 ലക്ഷത്തിലധികം ആളുകൾ. ഹറമുകളിലെ നമസ്കാരങ്ങളിലും ഖുർആൻ പാരായണ സമാപനത്തിലും പെങ്കടുക്കാൻ രാവിലെ മുതൽ ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. 27ാം രാവ് കഴിഞ്ഞശേഷം രാജ്യത്തിന്റെ പല മേഖലകളിൽനിന്നെത്തിയവരും ഹറമിനോട് വിട പറഞ്ഞിരുന്നുവെങ്കിൽ 29ാം രാവിലെ നമസ്കാരവേളയിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. നമസ്കാര വേളയിൽ ഹറമിന്റെ മുഴുവൻ നിലകളും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു.
മക്കയിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും നല്ല തിരക്കായിരുന്നു. പരിസര പ്രദേശങ്ങളിൽനിന്ന് പുറപ്പെട്ടവർക്ക് ഹറമിനടുത്തേക്ക് എത്താൻ മണിക്കൂറുകളെടുത്തു. രാത്രി നമസ്കാരത്തിനും പ്രാർഥനക്കും ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകി. 29ാം രാവിലെ തിരക്ക് നിയന്ത്രിക്കാനും തീർഥാടകർക്ക് സുഗമമായും ആശ്വാസത്തോടും ആരാധനകളിലേർപ്പെടാനും ഇരു ഹറം കാര്യാലയം വിപുലമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിരുന്നു. സുരക്ഷക്കായി കൂടുതൽ പേരെ നിയോഗിക്കുകയുംചെയ്തിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും 29ാം രാവിലെ തറാവീഹ് നമസ്കാരത്തിനും ഖത്മുൽ ഖുർആനും ആയിരങ്ങളാണ് സാക്ഷിയായത്. പ്രാർഥനക്ക് ഇമാമും ഖത്തീബുമായ ശൈഖ് സലാഹ് അൽബദീർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.