ഖിമാം അന്താരാഷ്‌ട്ര ഉത്സവത്തിന് സൗദിയിലെ അസീർ മേഖലയിൽ വർണാഭമായ തുടക്കം
text_fieldsജിദ്ദ: തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി സംഘടിപ്പിക്കുന്ന ഖിമാം ഇന്റർനാഷനൽ ഫെസ്റ്റിവൽ ഫോർ മൗണ്ടൻ പെർഫോമിങ് ആർട്‌സിന്റെ രണ്ടാം പതിപ്പിന് അസീർ പ്രവിശ്യയിൽ തുടക്കമായി. പ്രവിശ്യയിലെ ഏഴ് സ്ഥലങ്ങളിലായി നടക്കുന്ന ഉത്സവം ഒരാഴ്ച നീണ്ടുനിൽക്കും.
വെള്ളിയാഴ്ച വൈകീട്ട് അബഹയിലെ ആർട്ട് സ്ട്രീറ്റിൽ നടന്ന കാർണിവൽ മാർച്ച് പരേഡിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ജനപ്രിയ ബാൻഡുകൾ അണിനിരന്നു. ആ രാജ്യങ്ങളുടെ സാംസ്കാരികവും പാരമ്പര്യവുമായ നാടോടി കലാരൂപങ്ങൾ ഉൾപ്പെടുത്തി രൂപകൽപന ചെയ്ത വാഹനങ്ങൾ പരേഡിൽ പങ്കെടുത്തതോടെ ഉത്സവത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഉത്സവത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സവിശേഷതകളായ പരമ്പരാഗതവും ജനപ്രിയവുമായ വസ്ത്രങ്ങളുടെ വൈവിധ്യം മാർച്ചിൽ പ്രദർശിപ്പിച്ചു. 16 സൗദി ബാൻഡുകളും 14 അന്താരാഷ്‌ട്ര ബാൻഡുകളും ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 32ഓളം പർവത പ്രകടന വർണങ്ങൾ മേളയുടെ തുടക്കത്തിൽ അവതരിപ്പിച്ചു.
അസീർ മേഖലയിലെ പുരാവസ്തു പൈതൃകസ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിനായി പർവത പ്രകടന കലകളിൽ സ്പെഷലൈസ് ചെയ്ത ആദ്യത്തെ അന്താരാഷ്ട്ര ഉത്സവമാണ് ‘ഖിമാം ഇന്റർനാഷനൽ ഫെസ്റ്റിവൽ’ എന്ന് തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി സി.ഇ.ഒ സുൽത്താൻ അൽബസായ് പറഞ്ഞു.
ബസ്ത അൽഖാബിൽ, അൽമഖിയിലെ അബു ഷഹ്‌റ പാലസ്, ഷംസാൻ കോട്ട, ചരിത്രപരമായ ബിൻ അദ്വാൻ വില്ലേജ്, മാലിക്കിന്റെ പുരാതന കൊട്ടാരം, അൽമുഷൈത് കൊട്ടാരങ്ങളും കോട്ടകളും, അബു നുഖാത്ത് അൽമഹ്തമി എന്നിങ്ങനെയാണ് ഉത്സവത്തിന്റെ പുതിയ പതിപ്പ് അറിയപ്പെടുക. ആധുനിക നഗരങ്ങളിൽ ലഭ്യമല്ലാത്ത നിരവധി സംഗീത കച്ചേരികൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഉത്സവം സാക്ഷ്യംവഹിക്കും. രാജ്യത്തെക്കുറിച്ചുള്ള വിവിധ ചരിത്രങ്ങൾ, ഗ്രാമത്തിലെ വിവാഹങ്ങളും ആഘോഷങ്ങളും, തനതായ ഭക്ഷണങ്ങളും പ്രവർത്തനങ്ങളും, കൂടാതെ നാടോടിക്കഥകളെ ഉയർത്തിക്കാട്ടാനും ഉത്സവത്തിലൂടെ ശ്രമിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെയും ലോകത്തെയും കലകളെക്കുറിച്ചും പുരാതന പൈതൃകത്തെക്കുറിച്ചും അവബോധം വളർത്താനും അതിന്റെ ചരിത്രം, കലകൾ, രീതികൾ, അത് എങ്ങനെ അവതരിപ്പിക്കാമെന്നും സന്ദർശകരെ പരിചയപ്പെടുത്തുകയാണ് ഉത്സവം ലക്ഷ്യമിടുന്നത്. ഉത്സവത്തിന്റെ പ്രധാന സന്ദേശമായ ‘ജനങ്ങളെ ഒന്നിപ്പിക്കുക’ എന്നതിന് ഈ പൈതൃക മഹോത്സവത്തിന് ഏറെ പങ്കുവഹിക്കാനുണ്ടെന്നും സുൽത്താൻ അൽബസായ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.