വിസ്മയക്കാഴ്ചയൊരുക്കി ഖോബാർ; ‘ഇത്ര’യിൽ ‘ദി ലിറ്റിൽ പ്രിൻസ്’ നോവലിന്റെ നൃത്താവിഷ്കാരം
text_fieldsഅൽഖോബാർ: ‘ഇത്ര’യുടെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ‘ദി ലിറ്റിൽ പ്രിൻസ്’ എന്നനോവലിന്റെ ഹൃദ്യമായ നൃത്താവിഷ്കാരം അരങ്ങേറി. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്ര) തിയറ്ററിലായിരുന്നു ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റും നാടകകൃത്തുമായ ഫ്രാൻസെസ് എലിസ ഹോഡ്സൺ ബർണറ്റിന്റെ ‘ദി ലിറ്റിൽ പ്രിൻസ്’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ള തത്സമയ നൃത്തശിൽപം അവതരിപ്പിക്കപ്പെട്ടത്.
നഗരത്തിൽനിന്നും വളരെയകലെയുള്ള സഹാറ മരുഭൂമിയിൽ ഒരു പൈലറ്റ് തന്റെ ചെറിയ വിമാനം ഇടിച്ചിറക്കുന്നിടത്താണ് ഷോ ആരംഭിക്കുന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ കൈവശം വെറും എട്ടു ദിവസത്തേക്ക് മാത്രമുള്ള കുടിവെള്ളമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നിരാശനായി നിൽക്കുന്ന പൈലറ്റ് ആകാശത്തേക്കു നോക്കുമ്പോൾ സ്വർണമുടിയുള്ള രാജകുമാരൻ മന്ദസ്മിതം തൂകി ചന്ദ്രനിൽ നീങ്ങുന്നതായി കാണുന്നു.
ഇരുവർക്കുമിടയിലെ പരിചയപ്പെടലിനുശേഷം അവൻ പൈലറ്റിനോട് ഒരു ആടിനെ വരയ്ക്കാൻ ആവശ്യപ്പെടുന്നു. പൈലറ്റ് ഒരു പെട്ടി വരയ്ക്കുകയും ആടുകളെ പെട്ടിക്കുള്ളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറയുകയും ചെയ്യുന്നു. ഇത് രാജകുമാരനെ തൃപ്തിപ്പെടുത്തുകയും ഭാവനയിൽ അത് കാണുകയും ചെയ്യുമ്പോൾ ആടുകളുടെ വേഷം ധരിച്ച ഒരുകൂട്ടം അഭിനേതാക്കൾ സ്റ്റേജിലുടനീളം നൃത്തംചെയ്യുന്നു.
ഉപേക്ഷിക്കപ്പെട്ട ഒരു ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ വളർന്ന മനോഹരമായ ഒരു പുഷ്പവുമായുള്ള തന്റെ മധുര പ്രണയത്തിന്റെ കഥ രാജകുമാരൻ പൈലറ്റിനോട് പറയാൻ തുടങ്ങുന്നു. സ്നേഹത്തോടും വാത്സല്യത്തോടും ഒപ്പംനിന്ന പുഷ്പം പക്ഷേ രാജകുമാരനെ വഞ്ചിച്ചതായി അയാൾക്ക് തോന്നുന്നു. ഇരുവരും തമ്മിലുള്ള നൃത്തത്തിനുശേഷം അവർ പരസ്പരം വൈകാരികമായി വിടപറയുന്നു.
രാജകുമാരൻ മറ്റ് ആറ് ഗ്രഹങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന ജീവികളോടും കഥാപാത്രങ്ങളോടും ഒപ്പം നൃത്തംചെയ്യാൻ തുടങ്ങുന്നു. എട്ടാം ദിവസം രാജകുമാരൻ ഒരു കിണർ കണ്ടെത്തുന്നു. പൈലറ്റിന് ദാഹം ശമിപ്പിക്കാനും പ്രതിസന്ധികളെ തരണംചെയ്യാനും തൽക്കാലം കഴിയും എന്നവർ മനസ്സിലാക്കുന്നു. പിന്നീട് പുസ്തകത്തിലെന്നപോലെ രാജകുമാരൻ നശിച്ചോ അതോ മറ്റൊരു സാഹസികതയിലേക്ക് നീങ്ങിയോ എന്ന് വ്യക്തമാക്കാതെ പ്രേക്ഷകന്റെ ചിന്തകൾക്ക് വിട്ടുകൊടുക്കുകയാണ് നൃത്തശിൽപത്തിലും ചെയ്യുന്നത്.
ഇംഗ്ലീഷിലും അറബിയിലും ഉപശീർഷകമുള്ള ഷോ-ഫ്രഞ്ച് മിലിട്ടറി പൈലറ്റ് അന്റോയിൻ ഡി സെന്റ്-എക്സ്പെറി തിരക്കഥ എഴുതി ചിത്രീകരിച്ചതാണ്. സാങ്കേതികമികവും സാഹസികതയും സംഗീതവും നൃത്തവും വെളിച്ചവുമെല്ലാം സമാസമം സമ്മേളിപ്പിച്ചാണ് നൃത്താവിഷ്കാരം അത്രമേൽ ഹൃദയഹാരിയാക്കിയിരിക്കുന്നത്. ‘ദി ലിറ്റിൽ പ്രിൻസ്’ ഷോ കാണുന്നതിനുള്ള ടിക്കറ്റുകൾ 60 റിയാൽ (16 ഡോളർ) മുതൽ ആരംഭിക്കുന്നു. ഇത്ര വെബ്സൈറ്റ് അല്ലെങ്കിൽ ആപ് വഴി ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ജൂൺ 24ന് ഷോ സമാപിക്കും.
എക്കാലത്തെയും മികച്ച വിൽപനയുള്ള പുസ്തകങ്ങളിൽ ഒന്നായ ‘ദി ലിറ്റിൽ പ്രിൻസ്’ ഏകദേശം 300 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബൈബിളിനുശേഷം ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട രണ്ടാമത്തെ കൃതിയാണിത്. ഇതിനകം നോവലിന്റെ 140 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞതായി കണക്കാക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.