കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തിന് തുടക്കം
text_fieldsറിയാദ്: കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവം ഒമ്പതാം പതിപ്പിന് ആവേശകരമായ തുടക്കം. റിയാദിലെ സയാഹിദിലാണ് ഒട്ടക പൈതൃകത്തെ ഏകീകരിക്കാനും സൗദി സാംസ്കാരിക സ്വത്വത്തിന്റെ അച്ചുതണ്ടായി അതിനെ ശക്തിപ്പെടുത്താനുമുള്ള വാർഷികോത്സവത്തിന്റെ പുതിയ പതിപ്പ് ആരംഭിച്ചത്. ദേശീയ പൈതൃകത്തോട് ഭരണകൂടം പുലർത്തുന്ന വലിയ താൽപര്യമാണ് ഉത്സവം പ്രതിഫലിപ്പിക്കുന്നതെന്ന് കാമൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ ഹത്ലിൻ പറഞ്ഞു.
പരിപാടികൾ വിപുലീകരിച്ചതും പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതും ഒമ്പതാം പതിപ്പിനെ ഈ ഉത്സവ ചരിത്രത്തിലെ ഏറ്റവും വലുതും വൈവിധ്യ പൂർണവുമാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആധികാരിക പൈതൃകം ആഘോഷിക്കുകയും പ്രാദേശിക, ആഗോള തലങ്ങളിൽ അതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഒരു ആഗോള വേദിയായി ഒട്ടകകോത്സവം മാറി.
ആധികാരികതയും പുതുമയും സമന്വയിപ്പിക്കുന്ന ഒരു കൂട്ടം സാംസ്കാരിക, പൈതൃക പരിപാടികളുടെ സംഘാടനത്തിന് ഇത്തവണ ഉത്സവം സാക്ഷ്യം വഹിക്കും. ലോകമെമ്പാടുമുള്ള ഒട്ടകയുടമകളെയും സന്ദർശകരെയും ആകർഷിക്കുന്ന ഒരു മത്സര അന്തരീക്ഷത്തിൽ വിവിധ നിറങ്ങളിലും വിഭാഗങ്ങളിലുമുള്ള ഒട്ടകങ്ങളെ പ്രദർശിപ്പിക്കുന്നതിന് മത്സരം വേദിയാകുമെന്നും ഇബ്നു ഹത്ലിൻ പറഞ്ഞു.
അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നേർക്കാഴ്ചകൾ പ്രദർശിപ്പിക്കുന്ന അൽ ഉഖൈലാത്ത് മ്യൂസിയം, പരമ്പരാഗത വ്യവസായങ്ങളുടെ സർഗാത്മകതയെ ആഘോഷിക്കുന്ന കരകൗശല പ്രദർശനങ്ങൾ എന്നിവ പോലുള്ള വ്യത്യസ്തമായ സാംസ്കാരിക പരിപാടികൾ ഇത്തവണ ഉത്സവത്തിലുണ്ട്. സന്ദർശകർക്ക് ഒട്ടകപ്പുറത്ത് സവാരി നടത്താനും പാൽ കറക്കാനും അവക്ക് ഭക്ഷണം കൊടുക്കാനുമുള്ള അവസരം ലഭിക്കും. അത് സന്ദർശകർക്ക് വിസ്മയകരമായ സംവേദനാത്മക അനുഭവങ്ങൾ സമ്മാനിക്കും.
ഇതിലൂടെ സന്ദർശകർക്ക് ആധികാരിക സൗദി പൈതൃകം അടുത്ത് അനുഭവിക്കാൻ കഴിയും. ഉത്സവത്തിലെ ഒരു സുപ്രധാന പരിപാടി കവിയരങ്ങാണ്.
ആവേശവും പ്രേക്ഷക ഇടപെടലും നിറഞ്ഞ അന്തരീക്ഷത്തിൽ സംസാരത്തെയും സർഗാത്മകതയെയും ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ജനപ്രിയ കലകളുടെ ഏറ്റവും പ്രധാനപ്പെട്ട രൂപങ്ങളിലൊന്നാണിത്. കൂടാതെ ഫോട്ടോഗ്രാഫിയിലൂടെയും ചലച്ചിത്ര നിർമാണത്തിലൂടെയും ഒട്ടകങ്ങളുടെ പൈതൃകം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ട് വിവിധ തരം സർഗാത്മക മത്സരങ്ങളും ആരംഭിച്ചിട്ടുണ്ട്.
യുവാക്കളുടെയും ഭാവി തലമുറകളുടെയും താൽപര്യം ആകർഷിക്കുന്ന സമകാലിക രീതിയിൽ പൈതൃകത്തെ ഉയർത്തിക്കാട്ടുന്നതിന് ഉത്സവം സംഭാവന ചെയ്യുമെന്നും ഹത്ലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.