കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് തുടക്കം
text_fieldsമക്ക: 44ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മക്കയിൽ ആരംഭിച്ചു. മത്സരത്തിലേക്കുള്ള അവസാന യോഗ്യത റൗണ്ട് മത്സരങ്ങൾ മസ്ജിദുൽ ഹറാമിൽ മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് ഉദ്ഘാടനം ചെയ്തു. 123 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 173 മത്സരാർഥികളാണ് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
മത്സരപരിപാടികൾ ഈ മാസം 21 വരെ തുടരും. അഞ്ച് വിഭാഗങ്ങളിലായാണ് അവസാനഘട്ട മത്സരങ്ങൾ നടക്കുക. യോഗ്യത റൗണ്ട് മത്സരങ്ങൾ ആറ് ദിവസം നീളും. രാവിലെയും വൈകീട്ടും രണ്ട് സമയങ്ങളിലായാണ് മത്സരം. ലോകത്തെ പ്രമുഖ ഖുർആൻ പണ്ഡിതർ ഉൾപ്പെടുന്നതാണ് ജൂറി.
വിവിധ ഭൂഖണ്ഡങ്ങളിൽനിന്ന് ഖുർആൻ മനപ്പാഠമാക്കിയ ഇത്രയും മത്സരാർഥികൾ പെങ്കടുക്കുന്ന ലോകത്തെ ഏറ്റവും വലിയ മത്സരപരിപാടിയാണിത്. മത്സരാർഥികളെ മതകാര്യ മന്ത്രി സ്വാഗതം ചെയ്തു. മുസ്ലിംകൾക്കിടയിൽ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വേദഗ്രന്ഥവുമായി അവരെ ബന്ധിപ്പിക്കുന്നതിനുമാണ് സൗദി അറേബ്യ എല്ലാ വർഷവും ഈ അന്താരാഷ്ട്ര മത്സരം നടത്തുന്നതെന്ന് ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് പറഞ്ഞു.
ജീവിതത്തിൽ ഖുർആൻ വഴികാട്ടിയാകാനും ആ മാർഗനിർദേശത്താൽ നയിക്കപ്പെടാനും അതിന്റെ വെളിച്ചത്താൽ പ്രബുദ്ധരാകാനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ അന്താരാഷ്ട്ര മത്സരം. ഏറ്റവും ഉന്നത നിലവാരത്തിൽ മത്സരം നടത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
ന്യായവും സുതാര്യതയും ഉറപ്പാക്കാൻ വ്യക്തവും പ്രഖ്യാപിതവുമായ നിയമങ്ങളുണ്ട്. സൗദി, ജോർഡൻ, മാലി, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ പണ്ഡിതരുടെ സംഘമാണ് മത്സരത്തിന്റെ വിധി നിർണയിക്കുന്നത്. ജൂറി കണ്ടെത്തുന്ന വിജയികൾക്ക് മൊത്തം 40 ലക്ഷം റിയാലിന്റെസമ്മാനങ്ങൾ ലഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകൾക്കും പ്രോത്സാഹന സമ്മാനവും നൽകും.
10 ലക്ഷം റിയാൽ എല്ലാ മത്സരാർഥികൾക്കുമായി വീതിച്ചുനൽകും. 123 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 173 മത്സരാർഥികളാണ് നിലവിൽ മത്സരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹിജ്റ 1399ൽ മത്സരം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ രാജ്യങ്ങൾ മത്സര സെഷനുകളിൽ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ഓരോ വർഷവും വർധിച്ചുവരുന്ന ഈ ശതമാനം ലോകത്തിലെ മുസ്ലിംകൾക്കിടയിൽ സൗദിയുടെ പദവിയുടെയും നേതൃത്വത്തിന്റെയും തെളിവാണ് എന്നതിൽ സംശയമില്ല.
മത്സരത്തിനുള്ള മുസ്ലിം കുട്ടികളിൽനിന്നുള്ള ഈ ആവശ്യം അതിന്റെ സംവിധാനത്തിലും വിധിനിർണയത്തിലും സമ്മാനങ്ങളിലും മതിപ്പിനെയും ശക്തിയെയും സൂചിപ്പിക്കുന്നു. മത്സരത്തിന് വലിയ പിന്തുണയും കരുതലുമാണ് ഭരണകൂടത്തിൽനിന്ന് ലഭിക്കുന്നതെന്നും മതകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.