ആദ്യമായി സമുദ്ര പഠനത്തിന് സ്ത്രീപ്രവേശനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് സർവകലാശാല
text_fieldsജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിക്ക് കീഴിൽ സമുദ്ര പഠനത്തിൽ സ്ത്രീ പ്രവേശനം ആരംഭിച്ചു. ആദ്യമായാണ് സമുദ്രപഠന സെക്ടർ സ്പെഷ്യലൈസേഷനുകളിൽ സ്ത്രീ പ്രവേശനം ആരംഭിക്കുന്നത്. വിഷൻ 2030 ലക്ഷ്യങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലായാണിതിനെ വിലയിരുത്തുന്നത്. കോളേജ് ഓഫ് മാരിടൈം സ്റ്റഡീസിൽ വനിതാ വിദ്യാർഥി കാര്യങ്ങൾക്കായി ഒരു പുതിയ ഏജൻസി സ്ഥാപിക്കുന്നതുൾപ്പെടുന്നതടക്കമുള്ളതാണ് പദ്ധതികൾ. സൗദി വനിതകളെ പുതിയ തൊഴിലുകളിലേക്കു യോഗ്യരാക്കുകയും സമുദ്രപഠന ഗവേഷണവും പഠനവും വിപുലീകരിക്കുകയും അതുവഴി രാജ്യത്തെ സമുദ്ര ഗതാഗത, ലോജിസ്റ്റിക് വ്യവസായത്തിന്റെ വളർച്ചയും വികാസവും വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ വികസനം സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും സമുദ്ര ഗതാഗത മേഖലയിൽ സൗദി വനിതകളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയും അതിൽ സുസ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് കോളേജ് ഓഫ് മാരിടൈം സ്റ്റഡീസ് ഡീൻ ഡോ. ഫൈസൽ അൽതൈബാനി പറഞ്ഞു. മാരിടൈം സർവേയിങിലും ഗതാഗതത്തിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും കോളേജിന്റെ പാഠ്യപദ്ധതിയിലുണ്ട്. ഇത് സൗദി മനുഷ്യവിഭവശേഷി തയാറാക്കുകയും ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് സംഭാവന നൽകുകയും ചെയ്യുന്നതായിരിക്കും. ആഗോള പ്രവണതകൾക്ക് അനുസൃതമായി തൊഴിലാളികളുടെ കുറവുകൾ പരിഹരിച്ച് സമുദ്ര വ്യവസായത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണിതെന്നും ഡോ. അൽതൈബാനി പറഞ്ഞു. രാജ്യത്തിനുള്ളിലെ വ്യവസായത്തിൽ സ്ത്രീ സഹകരണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. സമുദ്ര ഗതാഗതം ഉൾപ്പെടെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉയർത്തുന്ന പ്രവർത്തനങ്ങളിൽ വിഷൻ 2030 ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും ഡോ.അൽതൈബാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.