ചാൾസ് രാജാവിന് സൗദിയുമായി നല്ല ബന്ധം, സൗദി സന്ദർശിച്ചത് ഒമ്പത് തവണ
text_fieldsജിദ്ദ: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ബ്രിട്ടനിലെ രാജാവായി അവരോധിതനായ ചാൾസ് മൂന്നാമന് സൗദി അറേബ്യയുമായി ഊഷ്മളായ ബന്ധം. ചാൾസ് രാജകുമാരന് സൗദി ജനതയുമായുള്ള ബന്ധം വളരെ സവിശേഷമാണ്. ഒമ്പത് തവണയിലധികം അദ്ദേഹം സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച അപൂർവ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. അഞ്ച് വർഷത്തിലൊരിക്കൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത് പതിവാണെങ്കിലും ഒമ്പത് തവണയാണ് അദ്ദേഹം സൗദിയിലെത്തിയത്.
ഈ രാജ്യവും ഇവിടത്തെ ആളുകളുമായുള്ള ചാൾസ് രാജകുമാരന്റെ ഊഷ്മളമായ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇസ്‌ലാമിക് ഫോബിയ ശക്തമായ കാലത്ത് പ്രതിരോധിക്കാൻ മുന്നിൽനിന്ന ലോകപ്രശസ്തരിൽ ഒരാളുമാണ് അദ്ദേഹം. ഇസ്‍ലാമിക ലോകത്തെ ലക്ഷ്യമാക്കിയുള്ള സ്വരം മയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യപ്പെടലും ശ്രദ്ധേയമാണ്. പ്രവാചക നിന്ദ ലക്ഷ്യമിട്ടുള്ള കാർട്ടൂണുകൾ യൂറോപ്യൻ രാജ്യങ്ങളും മുസ്ലിം ലോകവും തമ്മിലുള്ള ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിച്ചപ്പോൾ സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ചാൾസ് രാജകുമാരന്റെ സന്ദർശനം ആ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നതായിരുന്നു. ഇസ്‍ലാമിലും ഇസ്‍ലാമിക വാസ്തുവിദ്യയിലും ചാൾസ് രാജാവിന് താൽപ്പര്യമുണ്ടെന്ന് നിരവധി രാഷ്ട്രീയ വിശകലന വിദഗ്ധർ സൂചിപ്പിച്ചിട്ടുണ്ട്. സൗഹൃദത്തിലായ പല വ്യക്തികളുമായുള്ള പരിചയത്തിലൂടെയാണ് ഇസ്‍ലാമിക ലോകവുമായി അടുത്ത ബന്ധം സ്ഥാപിച്ചത്.
2006ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ചാൾസ് രാജകുമാരൻ സന്ദർശിച്ചിരുന്നു. പൈതൃക സാംസ്കാരിക മേളയായ 'ജനാദിരിയ 29'ൽ അഥിതിയായി അദ്ദേഹം എത്തി. അന്ന് അവിടെ നടന്ന അറബ് പരമ്പാരഗത നൃത്തത്തിൽ നിരവധി രാജകുമാരന്മാരോടൊപ്പം അറബ് വസ്ത്രമണിഞ്ഞ് അദ്ദേഹം നൃത്ത ചുവടുകൾ വെച്ചു. പാരമ്പര്യ അറേബ്യൻ വസ്ത്രമായ ശമാഅ്, അഖാൽ എന്നിവ ധരിച്ച് നൃത്തത്തിന്റെ പ്രധാന ഘടകമായ സ്വർണ വാൾ വീശി രാജകുമാരന്മാരോടൊപ്പം നൃത്തം ചവിട്ടിയത് അന്ന് സൗദി മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ഇതിനുശേഷം 'അറബ് ചാൾസ്' എന്നും വിളിക്കപ്പെട്ടു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച 'ഗ്രീൻ സൗദി ഇനിഷ്യേറ്റീവ്' ഫോറത്തിന്റെ ഉദ്ഘാടന വേളയിലും ചാൾസ് രാജകുമാരൻ പങ്കെടുത്തിരുന്നു. അന്ന് ചാർസ് രാജകുമാരൻ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യക്ക് സൗരോർജം, കാറ്റാടി ഊർജം, ഹരിത ഊർജം എന്നിവ ഉൾപ്പെടെ പുനരുപയോഗ ഊർജത്തിന് വലിയ സാധ്യതകളുണ്ട്. ഈ കഴിവുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ നിക്ഷേപത്തിനും വലിയ സാധ്യതകൾ പ്രദാനം ചെയ്യുമെന്ന് തന്റെ പ്രസംഗത്തിൽ ചാൾസ് രാജകുമാരൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.