സൗകര്യങ്ങൾ വിപുലീകരിച്ച് മദീനയിലെ കിങ് ഫഹദ് സെൻട്രൽ പാർക്ക്
text_fieldsമദീന: പ്രവാചക നഗരമായ മദീനയിലെ പ്രമുഖ പാർക്കുകളിലൊന്നായ കിങ് ഫഹദ് സെൻട്രൽ പാർക്കിന്റെ സൗകര്യങ്ങൾ വിപുലീകരിച്ചു. മസ്ജിദുന്നബവിയിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് പാർക്ക്.
സന്ദർശകരെ ആകർഷിക്കാൻ മദീന മുനിസിപ്പാലിറ്റി പാർക്കിൽ വിവിധ സൗകര്യങ്ങളൊരുക്കി വികസനം പൂർത്തിയാക്കി. മദീന നഗരത്തിലെ വിവിധ പാർക്കുകളും സന്ദർശന കേന്ദ്രങ്ങളും കൂടുതൽ സൗകര്യങ്ങളൊരുക്കി വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളാണ് മുനിസിപ്പാലിറ്റി നടപ്പാക്കിവരുന്നത്.
വിവിധ മേഖലയിലെ വൻ വികസനത്തിനും കുതിപ്പിനുമാണ് മദീന നഗരം സാക്ഷ്യംവഹിക്കുന്നത്. കിങ് ഫഹദ് സെൻട്രൽ പാർക്കിലെ ഹരിതയിടങ്ങൾ വർധിപ്പിക്കുന്നതിനും വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ മുനിസിപ്പാലിറ്റി തുടരുകയാണ്. മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും സെൻട്രൽ പാർക്ക് കുടുംബങ്ങളോടൊത്ത് ഉല്ലസിക്കാനുള്ള ഇടവുമായി മാറി.
വൈകുന്നേരങ്ങളിൽ നടത്തത്തിനും ഉല്ലാസത്തിനുമായി ധാരാളം ആളുകളാണ് നിത്യവും പാർക്കിലെത്തുന്നത്. ഇവിടെ ഹരിതയിടങ്ങൾ കൂടുതൽ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനും മുനിസിപ്പാലിറ്റി അധികൃതർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. മദീനയിലെ ജനങ്ങൾക്കും സന്ദർശകർക്കും പാർക്ക് ഉൾക്കൊള്ളുന്ന ഇടം ഒരു സാമൂഹിക സാംസ്കാരിക കേന്ദ്രമായി ഇപ്പോൾ മാറിയിരിക്കുന്നു.
വിവിധ രീതിയിൽ ഉപയോഗിക്കാവുന്ന വിനോദ, കായിക സൗകര്യങ്ങൾ, വിവിധ ഒഴിവുദിനങ്ങളിൽ ഇവിടെ ഒരുക്കുന്ന സാംസ്കാരിക പരിപാടികൾ, വിശാലമായ പുൽമേടുകൾ, പൈതൃക കെട്ടിടങ്ങൾ, കാൽനടക്കാർക്കുള്ള പാതകൾ, സൈക്ലിങ് പാതകൾ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലങ്ങൾ തുടങ്ങിയവയെല്ലാം സന്ദർശകരുടെ മുഖ്യ ആകർഷകമാണ്.
മദീനയിലെ ഏറ്റവും വലിയ പാർക്കാണിത്. മൊത്തം വിസ്തീർണം നേരത്തേ 4.3 ചതുരശ്ര കിലോമീറ്ററായിരുന്നു. ബാക്കി വികസനം കൂടി പൂർത്തിയാകുന്നതോടെ വിസ്തീർണം ഇനിയും വർധിക്കും.
മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന പ്രകൃതിദത്ത റിസർവ് മേഖല കൂടിയാണ് പാർക്ക് ഉൾക്കൊള്ളുന്ന പ്രദേശം. തിയറ്റർ, സാൻഡ് പ്ലേ ഏരിയ, കുട്ടികൾക്കുള്ള പ്രത്യേക ഉല്ലാസ ഏരിയ, ബാർബിക്യൂ ഏരിയകൾ, വ്യായാമത്തിനുള്ള ഇടങ്ങൾ, നടപ്പാതകൾ തുടങ്ങി വിവിധ സൗകര്യങ്ങൾ പാർക്കിലുള്ളതും സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.