റെക്കോഡിട്ട് കിങ് ഫൈസൽ ആശുപത്രി; 24 മണിക്കൂറിനുള്ളിൽ മൂന്നുപേരിൽ ഹൃദയമാറ്റ ശസ്ത്രക്രിയ
text_fieldsറിയാദ്: 24 മണിക്കൂറിനുള്ളിൽ മൂന്ന് രോഗികളിൽ വിജയകരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി. ഹൃദയപേശികളുടെ ബലഹീനതമൂലം ബുദ്ധിമുട്ടുന്ന വ്യത്യസ്ത പ്രായത്തിലുള്ള മൂന്ന് രോഗികൾക്കാണ് ഹൃദയങ്ങൾ വെച്ചുപിടിപ്പിച്ച് ജീവിതമെന്ന പ്രതീക്ഷ പുനഃസ്ഥാപിച്ചത്. രണ്ട് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് രോഗികൾ.
അബൂദബി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്ന് എടുത്ത ഹൃദയങ്ങൾ സ്വകാര്യ വിമാനമാർഗം റിയാദിലെത്തിച്ചാണ് 24 മണിക്കൂറിനുള്ളിൽ പുതിയ ശരീരങ്ങളിൽ സ്ഥാപിച്ചത്. ശസ്ത്രക്രിയകൾ വിജയകരമായി.ഒമ്പതു വയസ്സുകാരിയായ രോഗിയുടെ പ്രശ്നം ഹൃദയപേശികൾ ബലഹീനമായതായിരുന്നു. കഴിഞ്ഞ മാർച്ചിൽ കൃത്രിമ വാൽവ് ഘടിപ്പിച്ച് അവളുടെ ജീവൻ രക്ഷിച്ചിരുന്നു.
വാൽവിനെ ആശ്രയിക്കാൻ കഴിയാത്തതിനാൽ ഒരു ഹൃദയ ദാതാവിനെ തേടി ആശുപത്രിയിൽ കഴിയുകയായിരുന്നു ഈ ഒമ്പതു വയസ്സുകാരി. സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ് പ്ലാന്റേറേഷനും യു.എ.ഇയുടെ ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ ഏജൻസിയായ ഹയാത്തും തമ്മിലുള്ള ഏകോപനത്തിലാണ് പൊരുത്തപ്പെടുന്ന ഒരു ദാതാവിനെ ലഭ്യമാക്കിയത്.
തുടർന്ന് വിദഗ്ധ സംഘം റിയാദിൽനിന്ന് അബൂദബിയിലെത്തി. അബൂദബിയിലെ ക്ലീവ്ലാൻഡ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽനിന്ന് ഹൃദയം നീക്കം ചെയ്യാനുള്ള ഓപറേഷൻ നടത്തി. വിമാനമാർഗം കിങ് ഖാലിദ് വിമാനത്താവളത്തിലേക്കും തുടർന്ന് ആംബുലൻസിൽ റിയാദിലെ ആശുപത്രി ആസ്ഥാനത്തേക്കും ഹൃദയം എത്തിക്കുകയും ചെയ്തു.
ഹൃദയ ശസ്ത്രക്രിയ വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. സുഹൈർ അൽ ഹാലിസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കുട്ടിയുടെ ശരീരത്തിൽ ഹൃദയം മാറ്റിവെച്ചു. അവർ ഒബ്സർവേറ്ററിയിൽ തുടരുകയാണ്.
കിങ് ഫൈസൽ ആശുപത്രിയിലെ മറ്റൊരു മെഡിക്കൽ സംഘം ജിദ്ദയിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെത്തി അവിടെ മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്നെടുത്ത ഹൃദയം റിയാദിലെത്തിച്ച് 40 വയസ്സുള്ളയാൾക്ക് മാറ്റിവെക്കുകയായിരുന്നു.
കൺസൾട്ടൻറ് കാർഡിയാക് സർജനും കിങ് ഫൈസൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ പ്രോഗ്രാം മേധാവിയുമായ ഡോ. ഫറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
മൂന്നാമത്തെ രോഗി 41 വയസ്സുള്ളയാളാണ്. ഒരു വർഷം മുമ്പ് ഹൃദയസ്തംഭനമുണ്ടായ ഇയാൾക്ക് കൃത്രിമ വാൽവ് ഘടിപ്പിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. റിയാദിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ മസ്തിഷ്ക മരണം സംഭവിച്ചയാളിൽ നിന്നാണ് ഹൃദയമെടുത്തത്. ഡോ. ഫിറാസ് ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി ശസ്ത്രക്രിയ നടത്തി. രോഗി ഇപ്പോഴും വൈദ്യപരിശോധനയിൽ കഴിയുകയാണ്.
സമയം ഒരു നിർണായക ഘടകമായതിനാൽ റിയാദ് ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് ഹൃദയങ്ങളും കിങ് ഫൈസൽ ആശുപത്രിയിലെത്തിക്കാനായത്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ 20ാം സ്ഥാനത്തും നിൽക്കുന്ന ആശുപത്രിയാണ് കിങ് ഫൈസൽ. ന്യൂസ് വീക്ക് മാഗസിന്റെ തെരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും മികച്ച 250 ആശുപത്രികളിൽ ഇടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.