കിങ് സൽമാൻ വിമാനത്താവളം ആഗോള ലോജിസ്റ്റിക് ഹബ്ബാക്കും -സൗദി ഗതാഗത മന്ത്രി
text_fieldsജിദ്ദ: വ്യോമയാന സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു വികസിത സാമ്പത്തികകേന്ദ്രമായിരിക്കും കിങ് സൽമാൻ വിമാനത്താവളമെന്ന് സൗദി ഗതാഗത-ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. ലോകത്തെ ഏറ്റവും വലുപ്പമുള്ളവയിലൊന്ന് എന്ന നിലയിലാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രഖ്യാപനം നടത്തിയത്.
ആഗോള ലോജിസ്റ്റിക്സ് ഹബ്ബ് എന്ന നിലയിൽ പുതുതായി നിർമിക്കുന്ന ഈ വിമാനത്താവളം രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കാര്യമായ സംഭാവന നൽകുന്നതായിരിക്കും. മൂന്നു ഭൂഖണ്ഡങ്ങളെ അത് ബന്ധിപ്പിക്കും. ഗതാഗത-ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതുമായിരിക്കും.
സുസ്ഥിര വികസനം കൈവരിക്കുന്നതിന് വ്യാപാരം, വ്യവസായം, ടൂറിസം എന്നിവ പോലുള്ള ദേശീയ പദ്ധതികൾ സാധ്യമാക്കുന്നതിനും കിങ് സൽമാൻ വിമാനത്താവളം സംഭാവന നൽകും. ഒരു വികസിത സാമ്പത്തികകേന്ദ്രം, സാംസ്കാരികമായ വലിയ നാഴികക്കല്ല്, സംയോജിത ഗതാഗതത്തിന്റെ മാതൃക എന്നീ വിശേഷണങ്ങളും ഈ വിമാനത്താവളത്തിന് സ്വന്തമാകും.
സിവിൽ ഏവിയേഷൻ പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി ലോജിസ്റ്റിക് സേവന വ്യവസായത്തിന്റെ വികസനത്തിനും വ്യോമയാന സാമ്പത്തിക മേഖലയുടെ പ്രോത്സാഹനത്തിനും ഇത് സംഭാവന നൽകും. 250ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് വർധിപ്പിക്കാനും 3300 ലക്ഷം യാത്രക്കാരെ എത്തിക്കാനും എയർ കാർഗോ മേഖലയുടെ ശേഷി 45 ലക്ഷം ടണ്ണിൽ കൂടുതൽ എത്തിക്കാനും ശേഷി ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഇത് ആക്കംകൂട്ടും.
പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ മഹത്തായ ദേശീയ പങ്കിനെയും ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ പ്രധാന പദ്ധതികൾ പൂർത്തീകരിക്കുന്നതിനുള്ള അതിന്റെ സംഭാവനകളെയും ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.