സൗദി 3.5 കോടി ഡോളർ കൂടി സഹായിച്ചു; സാംബിയയിൽ കിങ് സൽമാൻ ആശുപത്രി നിർമാണം പുരോഗമിക്കുന്നു
text_fieldsറിയാദ്: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ കിങ് സൽമാൻ സ്പെഷലിസ്റ്റ് ആശുപത്രിയുടെ നിർമാണത്തിന് സൗദി അറേബ്യ 3.5 കോടി ഡോളർ കൂടി നൽകും. ഇതിനുള്ള കരാറിൽ സൗദി വികസന ഫണ്ട് സി.ഇ.ഒ സുൽത്താൻ അൽ മുർഷിദ്, സാംബിയയുടെ സാമ്പത്തിക ദേശീയ ആസൂത്രണ മന്ത്രി ഡോ. സിതുംബെക്കോ മൊസോകോടോനെ എന്നിവർ ഒപ്പുവെച്ചു. ഇതോടെ ഫണ്ടിൽനിന്ന് പൂർണമായും ധനസഹായം നൽകുന്ന ആശുപത്രിയുടെ ആകെ നിർമാണച്ചെലവ് 13.5 കോടി ഡോളറായി.
ഏകദേശം 800 കിടക്കകളുള്ള ആശുപത്രിയാണ് നിർമിക്കുന്നത്. നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. രണ്ട് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി സാംബിയയിലെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പരിശീലനം നൽകുന്നതിനും സാംബിയയിൽ ലഭ്യമല്ലാത്ത ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും സംഭാവന ചെയ്യും. കൂടാതെ ഗുണഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറക്കാനും ഇത് സഹായിക്കും.
സുൽത്താൻ അൽ മുർഷിദ് സാംബിയയിലെ സൗദി അംബാസഡർ അലി അൽ ഖഹ്താനി, സാംബിയൻ സാമ്പത്തിക ദേശീയ ആസൂത്രണ മന്ത്രി മൊസോകോട്വാനോ എന്നിവരോടൊപ്പം ആശുപത്രിയുടെ നിർമാണ ഘട്ടങ്ങൾ അവലോകനം ചെയ്യാൻ നിർമാണസ്ഥലം സന്ദർശിച്ചു. 1978 മുതൽ സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് സാംബിയക്ക് ധനസഹായം നൽകുന്നുണ്ട്. വിവിധ വികസന, സുപ്രധാന മേഖലകളിൽ നിരവധി വികസന പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിന് ഇതിനകം 17 കോടി ഡോളറിലധികം ധനസഹായം നൽകിയിട്ടുണ്ട്. സാംബിയയിലെ സാമൂഹിക വളർച്ചക്കും സാമ്പത്തിക അഭിവൃദ്ധിക്കും വലിയ സംഭാവന നൽകുന്നതാണ് സൗദി വികസന ഫണ്ടിൽനിന്നുള്ള സഹായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.