പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്
text_fieldsജിദ്ദ: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി പുതുക്കി നൽകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്‍റെ ഉത്തരവ്. 2021 ജൂൺ രണ്ട് വരെയാണ് ഇഖാമ, റീ-എൻട്രി, സന്ദർശക വിസകളുടെ കാലാവധി നീട്ടിനൽകുക.
ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. ഇഖാമയും വിസകളും പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. യാത്ര വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാകാലാവധിയാണ് സൗജന്യമായി പുതുക്കുക.
പുതുക്കൽ വരും ദിവസങ്ങളിൽ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പൂർത്തിയാക്കും. നിലവിൽ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ-എൻട്രി വിസയും സന്ദർശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു.
ചിലരെല്ലാം തങ്ങളുടെ ഇഖാമയും വിസയും സ്പോൺസർമാരുമായി ബന്ധപ്പെട്ട് ആവശ്യമായ ഫീ അടച്ചു പുതുക്കികൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തിൽ സൽമാൻ രാജാവിന്‍റെ കാരുണ്യ കടാക്ഷം ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഗുണകരമാവുക.
രാജാവിന്‍റെ കാരുണ്യ പ്രഖ്യാപനം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികൾക്കാണ് ആശ്വാസമാകുക. നിലവിൽ ജൂൺ രണ്ടു വരെയാണ് രേഖകൾ സൗജന്യമായി പുതുക്കുന്നതെങ്കിലും യാത്രാവിലക്ക് നീളുകയാണെങ്കിൽ ഈ പരിധി നീട്ടാനും സാധ്യത നിലനിൽക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത സമയത്തും വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റി-എൻട്രി വിസയും സൗജന്യമായി പുതുക്കി നൽകാൻ സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.