രക്തദാനം നടത്തുന്നവർക്ക് സൽമാൻ രാജാവ് അവാർഡ് പ്രഖ്യാപിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ രക്തദാനം നടത്തുന്നവർക്ക് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് അവാർഡ് പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളുമായ രക്തദാതാക്കൾക്കാണ് അവാർഡ്. 50 തവണയോ അതിൽ കൂടുതലോ തവണ രക്തം ദാനം ചെയ്ത സ്വദേശികളും വിദേശികളും അടങ്ങുന്ന 29 പേരെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. രണ്ടാം ഗ്രേഡിലുള്ള മെരിറ്റ് മെഡലാണ് അവാർഡായി നൽകുന്നത്. രാജാവിെൻറ പ്രഖ്യാപനത്തെ ആവേശപൂർവമാണ് ആരോഗ്യമാന്ത്രാലയം സ്വാഗതം ചെയ്തത്. ഏതു സാഹചര്യത്തിലും സ്വന്തം ജീവൻപോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യുന്നവരാണ് യഥാർഥ ഹീറോകളെന്ന് ആരോഗ്യമന്ത്രാലം ട്വീറ്റ് ചെയ്തു.
പല രാജ്യങ്ങളും രക്തദാതാവിന് അവാർഡുകൾ നൽകുന്നുണ്ടെങ്കിലും സൗദിയിൽ ഇത് ആദ്യമായാണ്. ഇത് ഈ മേഖലക്ക് കൂടുതൽ ശക്തിപകരുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. സ്വദേശികളും വിദേശികളുമായ നിരവധിപേർ രക്തം ദാനം ചെയ്യുന്നതിൽ മുന്നിട്ടുനിൽക്കാറുണ്ട്. സൗദിയിലെ വിവിധ പ്രവാസി സംഘടനകളും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. ഇന്ത്യൻ സംഘടനകളും പ്രത്യേകിച്ച് മലയാളി സംഘടനകൾ ഇക്കാര്യത്തിൽ വളരെ മുന്നിലാണ്.
ലോക രക്തദാനദിനം, ഇന്ത്യൻ സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങി വിശേഷദിവസങ്ങളിലാണ് കൂടുതലായും രക്തദാന ക്യാമ്പുകൾ നടക്കാറ്. നൂറുകണക്കിന് പ്രവർത്തകർ ഒാരോ സംഘടനക്കു കീഴിലും രക്തംദാനം ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്. അപകടത്തിലും മറ്റ് രോഗങ്ങളാലും രക്തം ആവശ്യമായി വരുന്ന സമയത്ത് സംഘടനാ പക്ഷപാതിത്വം ഇല്ലാതെ പ്രവാസികൾ രക്തം ദാനംചെയ്യാൻ മുന്നിട്ടുവരാറുണ്ട്. ഓരോ സംഘടനയിലും ബ്ലഡ് ഡൊണേഷൻ വാട്സ്ആപ് ഗ്രൂപ്പുകൾ തന്നെയുണ്ട്. ഇതല്ലാതെ ഒറ്റക്ക് പോയി ആശുപത്രി ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടത്തുന്നത് ശീലമാക്കിയ വ്യക്തികളുമുണ്ട്. അങ്ങനെയുള്ള മുഴുവൻ രക്തദാതാക്കളെയും ആദരിക്കാനാണ് സൽമാൻ രാജാവ് അവാർഡ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.