സൽമാൻ രാജാവ് ഇന്ന് ശൂറാകൗൺസിലിനെ അഭിസംബോധന ചെയ്യും
text_fieldsജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഞായറാഴ്ച സൗദി പാർലമെന്റായ ശൂറാ കൗൺസിലിനെ അഭിസംബോധന ചെയ്യും. വിഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും ശൂറാ കൗൺസിലിന്റെ എട്ടാമത് സെഷന്റെ മൂന്നാംവർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സൽമാൻ രാജാവ് നിർവഹിക്കുകയെന്ന് ശൂറാ കൗൺസിൽ അധ്യക്ഷൻ ശൈഖ് ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ആൽ ശൈഖ് പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ നയങ്ങൾ സൽമാൻ രാജാവ് തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കും.
എല്ലാ വർഷവും പ്രതീക്ഷിക്കുന്ന അവസരമാണിതെന്ന് ഡോ. അബ്ദുല്ല വ്യക്തമാക്കി. ശൂറാ കൗൺസിലിന് ഇത് അഭിമാന നിമിഷമാണ്. സുപ്രധാന വിവരങ്ങളും സന്ദേശങ്ങളും ഉള്ളടക്കമായ സൽമാൻ രാജാവിന്റെ ഒരോ വർഷത്തെയും പ്രസംഗം ശൂറായുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉണർവ് നൽകുന്നതാണ്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനും പഠിക്കുന്നതിനും ഇത് കൗൺസിലിന്റെ കാര്യനിർവഹണ സമിതിയെ ശക്തിപ്പെടുത്തുന്നതാണ്. സൽമാൻ രാജാവും കിരീടാവകാശിയും കൗൺസിലിന് പ്രത്യേക ശ്രദ്ധയും പിന്തുണയുമാണ് നൽകിവരുന്നത്.
ശൂറാ കൗൺസിലിലുള്ള ഗവൺമെൻറിന്റെ വിശ്വാസവും തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളി എന്ന നിലയിലുള്ള ഇതിന്റെ പങ്കും സ്ഥിരീകരിക്കുന്നതാണ് രാജാവിന്റെ അഭിസംബോധന. ഗവൺമെൻറ് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അനുഭവമുള്ള ഭവനം എന്ന നിലയിൽ ചട്ടങ്ങളും നിയമനിർമാണങ്ങളും നടപ്പാക്കുന്നതിലെ ഒരു പ്രധാന സ്റ്റേഷനാണ് ശൂറാ കൗൺസിലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.