ഫലസ്തിനിലെ സ്ഥിതിഗതികൾ; സൗദി കിരീടാവകാശിയും ജോർഡൻ രാജാവും ചർച്ച ചെയ്തു
text_fieldsഅമീർ മുഹമ്മദ് ബിൻ സൽമാൻ, അബ്ദുല്ല രണ്ടാമൻ രാജാവ് (ഫയൽ ചിത്രം)
റിയാദ്: ഗസ്സ വിഷയത്തിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫോൺ സംഭാഷണം നടത്തി. ഗസ്സയിലെ അപകടകരമായ സ്ഥിതിഗതികൾ ഇരുവരും വിശദമായി ചർച്ച ചെയ്തു. ഇതിന് പുറമെ മേഖലയിലെ എല്ലാ സംഭവവികാസങ്ങളും അവലോകനം ചെയ്തു.
ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്ന സൗദിയുടെ ഉറച്ച പിന്തുണയെയും നിലപാടിനെയും ജോർദാൻ രാജാവ് സ്വാഗതം ചെയ്തു.
ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഭൂമി പിടിച്ചെടുക്കാനും ഫലസ്തീനികളെ കുടിയിറക്കാനുമുള്ള ശ്രമങ്ങളെ നിരസിക്കുന്നുവെന്നും ഫലസ്തീനികളെ പുറത്താക്കാനുള്ള നടപടികൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അബ്ദുല്ല രണ്ടാമൻ രാജാവ് പറഞ്ഞു.
ഫലസ്തീന്റെ നിയമാനുസൃതമായ അവകാശങ്ങൾ നേടുന്നതിനും അതിന്റെ ഭൂമിയിൽ അവരെ സ്ഥിരപ്പെടുത്തുന്നതിനും ഗസ്സയിൽ വെടിനിർത്തലിന്റെ സുസ്ഥിരത ഉറപ്പിക്കുന്നതിനും ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുമുള്ള അറബ്, അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കണമെന്ന് സൗദി കിരീടാവകാശിയുമായുള്ള ചർച്ചയുടെ പശ്ചാത്തലത്തിൽ അബ്ദുല്ല രാജാവ് ആവശ്യപ്പെട്ടു.
ഫലസ്തീനികളെ പുറത്താക്കി ഗസ്സ മുനമ്പ് അധീനപ്പെടുത്താനും സാമ്പത്തികമായി അതിനെ വികസിപ്പിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ പ്രത്യേകിച്ച് അറബ് ലോകത്ത് വലിയ വിവാദമാണ് സൃഷ്ടിച്ചത്.
ട്രംപിന്റെ പ്രസ്താവനക്കെതിരെ സൗദിയടക്കമുള്ള രാജ്യങ്ങൾ ഇതിനകം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രം സംബന്ധിച്ച ഞങ്ങളുടെ നിലപാട് ഉറച്ചതാണെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രായേലുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രസ്താവനക്കെതിരെ സൗദി തുറന്നടിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.