ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് രാജ്യം: അന്ധർക്ക് പ്രത്യേക നടപ്പാതയും നമ്പർപ്ലേറ്റിൽ പ്രത്യേക ലോഗോയും
text_fieldsദമ്മാം: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സൗദി അറേബ്യ. ഇത്തവണ ഭിന്നശേഷിക്കാരുടെ വാഹനങ്ങളിലെ നമ്പർപ്ലേറ്റുകളിൽ പ്രത്യേക ലോഗോ പതിക്കാനുള്ള അനുമതിയാണ് ഗതാഗത വകുപ്പ് നൽകിയിരിക്കുന്നത്. ഭിന്ന ശേഷിക്കാരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മതിയായ രേഖകൾ നൽകി 800 റിയാൽ അടച്ചാൽ പ്രത്യേക ലോഗോയുള്ള നമ്പർപ്ലേറ്റ് ലഭിക്കും. കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയുടെ അപേക്ഷയിന്മേലാണ് ഉത്തരവ്. ദമ്മാം നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ അന്ധന്മാർക്കുവേണ്ടി അടുത്തിടെ സവിശേഷമായ മറ്റൊരു പദ്ധതി നടപ്പാക്കിയിരുന്നു.
നടപ്പാതകളിൽ അന്ധന്മാർക്ക് വഴികാട്ടിയാവുംവിധം പാതകളിൽ പ്രത്യേക ലൈനുകൾ കോൺക്രീറ്റിൽ അടയാളപ്പെടുത്തിയ രീതിയിലാണ് പാതയുടെ നിർമാണം. ഇതോടെ, പരസഹായമില്ലാതെ ഭിന്നശേഷിക്കാർക്ക് ദമ്മാം, സീക്കോ ബിൽഡിങ് പരിസരം മുതൽ ലേഡീസ് മാർക്കറ്റിലെ മുഴുവൻ ഇടങ്ങളും പള്ളിയും വരെ നടന്നെത്താം. സ്പർശനത്തിലൂടെ മനസ്സിലാക്കാവുന്ന ഈ നടപ്പാതകളിൽ പതിച്ചിരിക്കുന്ന ചിഹ്നങ്ങൾ ഉപയോഗിച്ച് അന്ധന്മാർക്കും കാഴ്ചശക്തി കുറവുള്ളവർക്കും സഞ്ചാരം സുഗമമാവും. നടക്കുന്നതിനിടെ പാർക്കിങ്ങിലേക്കും പള്ളിയിലേക്കും കടയിലേക്കുമൊക്കെ പ്രത്യേകം ദിശ നിർണയിക്കാവുന്ന കോഡ് ഭാഷയിലുള്ള ചിഹ്നങ്ങളാണ് പാതയിൽ പതിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര ഭിന്നശേഷിസൗഹൃദ രാജ്യങ്ങളിൽ നിലവിലുള്ള മാനദന്ധം പാലിച്ചുകൊണ്ടാണ് ഇവിടെയും സംവിധാനിച്ചിരിക്കുന്നത്. ശാരീരികമോ മാനസികമോ ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകൾ ഉള്ളവരെല്ലാം ഭിന്നശേഷിക്കാരുടെ ഗണത്തിൽ പെടും. സൗദി ജനസംഖ്യയുടെ 10 ശതമാനത്തോളം പേർ ഭിന്നശേഷിക്കാരാണെന്നാണ് 2019ലെ കണക്ക്.
അതിൽ 3.2 ശതമാനം പേർ വാഹനാപകടങ്ങളെ തുടർന്നാണ് ഈ ഗണത്തിലെത്തിയത്. വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിട നിർമാണം, ആരോഗ്യസുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും ഭിന്നശേഷിക്കാർക്ക് സവിശേഷ പരിഗണന രാജ്യം നൽകുന്നുണ്ട്. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാനും സമൂഹത്തിെൻറ മുഖ്യധാരയില് അവരെ എത്തിക്കണമെന്ന ലക്ഷ്യത്തോടെയുമുള്ള വിവിധ തരം പദ്ധതികളാണ് പ്രവിശ്യകളിലെ നഗരസഭകൾ നടപ്പാക്കുന്നത്.
തൊഴിലിടങ്ങൾ, പള്ളികൾ, നടപ്പാതകൾ, മാളുകൾ, പാർക്കുകൾ, വായനശാലകൾ എന്നിങ്ങനെ പൊതു ഇടങ്ങളിലെല്ലാം ഇവർക്കായി പ്രത്യേക പാർക്കിങ് സൗകര്യവും മറ്റു സംവിധാനങ്ങളുമുണ്ട്.
ഇവർക്കായി മാറ്റിവെച്ച ഇടങ്ങളിൽ പാർക്ക് ചെയ്യുന്നത് രാജ്യത്ത് ശിക്ഷാർഹമാണ്. മിക്കയിടങ്ങളിലും ഇവർക്കു മാത്രമായി പ്രത്യേകം ശുചിമുറികളും പണികഴിപ്പിച്ചിട്ടുണ്ട്. ഇവരുടെ സർവതോമുഖ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി സർക്കാർ- സർക്കാറിതര തലങ്ങളിൽ നിരവധി സന്നദ്ധ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.