കിങ്ഡം ടൂർ 2023 ; 17 നഗരങ്ങളിൽ വിനോദ പരിപാടികൾ തുടരും
text_fieldsകിങ്ഡം ടൂർ 2023 ലോഞ്ചിങ് പരിപാടി
ജിദ്ദ: ‘കിങ്ഡം ടൂർ 2023’ വിനോദ പരിപാടിയിൽ ഉൾപ്പെടുത്തിയ രാജ്യത്തെ നഗരങ്ങളുടെയും മേഖലകളുടെയും എണ്ണം 17 ആയി. അടുത്ത സെപ്റ്റംബർ അവസാനം വരെ ഈ പട്ടണങ്ങളിൽ വിനോദ പരിപാടികൾ തുടരും. സൗദി വിനോദ അതോറിറ്റി ആരംഭിച്ച ‘കിങ്ഡം ടൂർ 2023’ എന്ന ഏറ്റവും വലിയ വിനോദ പരിപാടിയിലേക്ക് നഗരങ്ങളെയും മേഖലകളെയും ചേർക്കുന്നത് തുടരുകയാണ്. ഒരാഴ്ച മുമ്പാണ് അൽബാഹ മേഖലയെ ചേർത്തത്. ഏറ്റവും ഒടുവിലായി നജ്റാൻ മേഖലയെയും കിങ്ഡം ടൂർ പ്രവർത്തന ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്ന് അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ് പ്രഖ്യാപിച്ചിട്ടുണ്ട്.
‘കിങ്ഡം ടൂർ 2023’ എന്ന ഏറ്റവും വലിയ വിനോദ ടൂർ പരിപാടി മേയ് മുതൽ സെപ്റ്റംബർ വരെ മ്യൂസിക് കമീഷൻ, തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് കമീഷൻ, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം, വിസിറ്റ് സൗദി എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് വിനോദ അതോറിറ്റി ചെയർമാൻ വ്യക്തമാക്കി. ഇത് പ്രാദേശിക കമ്പനികൾക്കും മേഖലയിലെ ആളുകൾക്കും അവരുടെ കലാപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ അവസരമൊരുക്കുന്നു. രാജ്യത്തെ നൂറുകണക്കിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിനോദ പരിപാടികളുടെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാക്കും. ഒരോ നഗരങ്ങളിലും മേഖലകളിലും നിലകൊള്ളുന്ന കലാ വിനോദ പരിപാടികളെ ഉയർത്തിക്കൊണ്ടുവന്ന് സാമ്പത്തിക നേട്ടം പരമാവധി നേടുകയും സാമൂഹിക സ്വാധീനം കൈവരിക്കാനുമാണ് അതോറിറ്റി ശ്രമിക്കുന്നത്. ആളുകളിൽ സന്തോഷം സൃഷ്ടിക്കുന്നതിൽ രാജ്യത്തെ യുവതീ യുവാക്കൾക്ക് ഏറ്റവും വലിയ പങ്കുണ്ടായിരിക്കും. അവർക്ക് അനുഭവവും അറിവും ഇത് നേടിക്കൊടുക്കും. വിനോദ മേഖലയിലേക്കുള്ള അവരുടെ സംഭാവന വർധിപ്പിക്കുമെന്നും പൊതുവിനോദ അതോറിറ്റി മേധാവി പറഞ്ഞു.
കിങ്ഡം ടൂർ 2023 രാജ്യത്തെ താമസക്കാരുടെയും സന്ദർശകരുടെയും വിനോദ ആഗ്രഹങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടുള്ള പൊതുവിനോദ അതോറിറ്റിയുടെ സംരംഭങ്ങളിലൊന്നാണ്. വിവിധ മേഖലകളിൽ വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് പദ്ധതിക്കുകീഴിൽ നടന്നുവരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.