കഅ്ബയുടെ ‘കിസ്വ’ മാറ്റൽ ചടങ്ങ് നാളെ
text_fieldsമക്ക: കഅ്ബയെ പുതപ്പിക്കുന്ന ‘കിസ്വ’ (പുടവ) മാറ്റൽ ചടങ്ങ് ഞായറാഴ്ച. ഒരുക്കം പൂർത്തിയാക്കി ഇരുഹറം കാര്യാലയം. എല്ലാ വർഷവും മുഹറം ഒന്നിനാണ് ‘കിസ്വ മാറ്റൽ’ ചടങ്ങ് നടക്കാറുള്ളത്. പഴയ പുടവ മാറ്റി പുതിയത് അണിയിക്കുന്ന ചടങ്ങാണിത്. ഏകദേശം 1,000 കിലോ പ്രകൃതിദത്തമായ പട്ടുനൂലും 120 കിലോ സ്വർണനൂലും 100 കിലോ വെള്ളിനൂലും ഉപയോഗിച്ചാണ് കിസ്വ നെയ്യുന്നത്. ഉയരം 14 മീറ്ററാണ്. മുകളിൽ നിന്ന് താഴേക്ക് മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറീമീറ്റർ വീതിയിൽ ഒരു ബെൽറ്റും ഉണ്ട്. ഇതിന്റെ ആകെ നീളം 47 മീറ്ററാണ്.
ഒരു കിസ്വ നിർമിക്കാൻ വേണ്ടിവരുന്ന ചെലവ് രണ്ടേകാൽ കോടിയിലേറെ റിയാലാണ്. സ്വദേശികളായ 200ഓളം ജോലിക്കാരാണ് കിസ്വ നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്. ഭംഗി ചോരാതെ നെയ്യാനും സൂക്ഷിക്കാനും കേടാവാതെ നോക്കാനും ഇരുഹറം കാര്യാലയം അതീവ ശ്രദ്ധയാണ് നൽകുന്നത്. ലോകത്തെ 160 കോടിയിലേറെ വരുന്ന മുസ്ലിംകളുടെ ‘ഖിബ്ല’ (ദിശാസൂചി)യായ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്ന ‘കിസ്വ’യുടെ നിർമാണത്തിനും സംരക്ഷണത്തിനും സൗദി ഭരണകൂടം നൽകുന്ന സ്ഥാനം വലുതാണ്.
നിർമാണം പൂർത്തിയാകുന്ന കിസ്വ കഅ്ബയെ അണിയിക്കാൻ സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരുമായ 159ഓളം പേരുടെ സേവനമാണ് വേണ്ടിവരുന്നത്. പഴയത് അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത് ഏറെ മണിക്കൂറുകളെടുക്കുന്ന ചടങ്ങാണ്. മക്കയിലെ ഉമ്മുൽ ജൂദ് എന്ന സ്ഥലത്താണ് കിസ്വ നിർമിക്കുന്ന കിങ് അബ്ദുൽ അസീസ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഒമ്പത് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കുന്നത്.
കിസ്വ നിർമാണത്തിനാവശ്യമായ വിപുല സംവിധാനങ്ങളാണ് ഫാക്ടറിയിലുള്ളത്. ഡൈയിങ്, ഓട്ടോമാറ്റിക് വീവിങ്, ഹാൻഡ് വീവിങ്, പ്രിൻറിങ്, ബെൽറ്റ് നിർമാണം, സ്വർണ പ്ലേറ്റ് ഘടിപ്പിക്കൽ തുടങ്ങി വിവിധ ഘട്ടങ്ങളായാണ് നിർമാണം. 16 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ തുന്നൽ മെഷീനാണ് ഇവിടെയുള്ളത്. കിസ്വ നിർമിക്കുന്ന കിങ് അബ്ദുൽ അസീസ് കോംപ്ലക്സും കിസ്വയുടെ പരിപാലന അതോറിറ്റിയായ ജനറൽ അഡ്മിനിസ്ട്രേഷനും ഇരുഹറം ജനറൽ പ്രസിഡൻസിയുമാണ് കിസ്വ മാറ്റൽ ചടങ്ങിന് നേതൃത്വം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.