പുതിയ കിസ്വ ദുൽഹജ്ജ് ഒമ്പതിന് പുതപ്പിക്കും
text_fieldsജിദ്ദ: കഅ്ബയെ പുതപ്പിക്കാനുള്ള ‘കിസ്വ’യുടെ നിർമാണം പൂർത്തിയായി. പതിവുപോലെ അറഫാ ദിനത്തിലാണ് കഅ്ബയെ പുതിയ കിസ്വ പുതപ്പിക്കുക. കിസ്വ പരിശോധന കമ്മിറ്റി പുതിയ കിസ്വ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയതായി കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് മേധാവി അഹ്മദ് അൽമൻസുരി പറഞ്ഞു. സ്വർണ ലിപികളാൽ ആലേഖനം ചെയ്ത ഖുർആൻ ആയത്തുകളും ദൈവനാമങ്ങളും പരിശോധിക്കുകയും അളവ് കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഹറമിനടുത്ത് ഉമ്മുജൂദിലെ കിസ്വ ഫാക്ടറിയിൽ വെച്ച് 140 ലധികം ആളുകളുടെ കരവിരുതിലാണ് പുതിയ കിസ്വ നിർമിച്ചത്. നെയ്ത്ത്, നൂൽനൂൽപ്പ്, എംബ്രോയിഡറി എന്നിവയിലെല്ലാം പരിശീലനം നേടിയവരാണിവർ. ശുദ്ധ പട്ട് കറുത്ത ചായത്തിൽ മുക്കിയാണ് കിസ്വ നിർമിക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ നെയ്തെടുക്കുന്ന കിസ്വയിൽ ഖുർആൻ ആയത്തുകളും ദൈവനാമ വിശേഷണങ്ങളും ആലേഖനം ചെയ്യും.
14 മീറ്ററാണ് കിസ്വയുടെ ഉയരം. ആറര മീറ്റർ ഉയരവും മൂന്നര മീറ്റർ വീതിയോടെയാണ് കഅ്ബയുടെ വാതിൽ വിരി നിർമിച്ചിരിക്കുന്നത്. 98 സെൻറിമീറ്റർ വിതിയുള്ള 47 റോൾ തുണിയാണ് കിസ്വ നിർമാണത്തിന് ഉപയോഗിച്ചത്. ഏകദേശം 700 കിലോ പട്ടും 120കിലോ വെള്ളിയും സ്വർണവും സ്വർണവും കിസ്വയുടെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 22 ദശലക്ഷം ചെലവ് വരും. എട്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കുന്നത്. കിസ്വ കൈമാറ്റം ഒരോ വർഷവും ദുൽഹജ്ജ് ഒന്നിനാണ് നടക്കാറ്. അന്നേ ദിവസം കൈമാറുന്ന കിസ്വ ദുൽഹജ്ജ് ഒമ്പതിന് (അറഫാ ദിനത്തിൽ) കഅ്ബയെ പുതപ്പിക്കും. ഇരുഹറം കാര്യാലയം, കിസ്വ ഫാക്ടറി ഉദ്യോഗസ്ഥർ ചടങ്ങിൽ പെങ്കടുക്കും. കിസ്വ ഫാക്ടറിക്ക് കീഴിലെ പ്രത്യേക സംഘമാണ് കിസ്വ കഅ്ബയിൽ സ്ഥാപിക്കുക. ഹജ്ജ് വേളയിൽ തിരക്കേറുന്നതോടെ കിസവക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അതിെൻറ വൃത്തി കാത്തുസൂക്ഷിക്കാനും ഉയർത്തി കെട്ടുക പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.