മലപ്പുറം ജില്ല കെ.എം.സി.സി ക്യാമ്പിന് തുടക്കം
text_fieldsജിദ്ദ: 'പരിണമിക്കുന്ന ലോകം, പരിവർത്തനപ്പെടേണ്ട പ്രവാസി'പ്രമേയത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിതല ത്രൈമാസ പ്രവർത്തക പരിശീലന ക്യാമ്പിന് തുടക്കമായി. കെ.എം.സി.സി പ്രവർത്തന രംഗത്ത് നവചൈതന്യം കൊണ്ടുവരാനായി നവംബർ മുതൽ ജനുവരിവരെയുള്ള മൂന്ന് മാസങ്ങളിലായി നടത്തുന്ന മണ്ഡലം, പഞ്ചായത്ത് തല ക്യാമ്പിെൻറ ഉദ്ഘാടനം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് നിർവഹിച്ചു.
കോവിഡ് ലോക്ഡൗൺ കാലത്ത് കെ.എം.സി.സി പ്രവർത്തകർ പരമാവധി സഹായം എത്തിച്ചുനൽകി പ്രവാസികളെ ചേർത്തുപിടിച്ചതായും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ സൗജന്യ വാക്സിൻ നൽകി കോവിഡിനെ പിടിച്ചുകെട്ടാൻ ശക്തമായ നടപടികൾ സ്വീകരിച്ച സൗദി സർക്കാറിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ പതാക ഉയർത്തി. കോളജ് ഓഫ് എമർജൻസി മെഡിക്കൽ സയൻസ് അസിസ്റ്റൻറ് പ്രഫസറും ഇൻസ്പിരേഷനൽ സ്പീക്കറും ലൈഫ് കോച്ചുമായ ഡോ. അബ്ദുസ്സലാം ഉമർ മോട്ടിവേഷൻ ക്ലാസെടുത്തു. വ്യക്തിപരവും സാമൂഹികവും സംഘടനപരവുമായ കാര്യങ്ങളിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെക്കുറിച്ചും സാമ്പത്തിക ഭദ്രത നേടി പ്രവാസജീവിതം എങ്ങനെ സന്തോഷകരമാക്കാമെന്നും അതിനുവേണ്ട മാർഗനിർദേശങ്ങൾ എന്തൊക്കെയെന്നും അദ്ദേഹം വിശദീകരിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പ്രമേയം അവതരിപ്പിച്ചു. കെ.എം.സി.സിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കാവശ്യമായ സ്ട്രാറ്റജികൾ വർക്കിങ് പ്ലാൻ, സാമൂഹിക മുന്നേറ്റത്തിനുതകുന്ന പ്രവർത്തന പദ്ധതികൾ, പ്രവർത്തകരുടെ മാനവ വിഭവശേഷി പരിപോഷിപ്പിക്കാനുള്ള പ്രായോഗികവത്കരണം തുടങ്ങിയവയിലൂന്നിയ പ്രമേയത്തെ ആസ്പദമാക്കി ക്യാമ്പ് അംഗങ്ങൾ പ്രവർത്തന രംഗത്ത് നടപ്പാക്കേണ്ട നൂതന ആശയങ്ങൾ വേദിയിൽ അവതരിപ്പിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നാസർ വെളിയങ്കോട്, ജില്ല സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം എന്നിവർ സെഷനുകൾ നിയന്ത്രിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി ഉപഘടകമായ ഫിറ്റ് ജിദ്ദ അംഗങ്ങൾ പരിപാടിയിൽ വളൻറിയർ സേവനം അനുഷ്ടിച്ചു. ക്യാമ്പ് അംഗങ്ങളിൽനിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് പുതിയൊരു കാലഘട്ടത്തിലേക്ക് കാലെടുത്തുവെക്കാൻ ജില്ല കെ.എം.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, നാസർ കാടാമ്പുഴ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജില്ല സെക്രട്ടറി വി.പി. അശ്റഫ് സ്വാഗതവും കെ.വി. ജംഷീർ ഖിറാഅത്തും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.