യാംബുവിൽ കെ.എം.സി.സി കുടുംബസംഗമം
text_fieldsയാംബു: വൈവിധ്യമാർന്ന പരിപാടികളൊരുക്കി കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി 'ഫമീലിയ 2023' എന്ന പേരിൽ സംഘടിപ്പിച്ച കുടുംബസംഗമം യാംബു മലയാളികളിൽ ആവേശത്തിരയിളക്കി. യാംബു നഗാദി ഫർഹ അൽ മുനാസബാത്ത് വില്ലയിൽ നടന്ന പരിപാടിയിൽ പ്രവാസി കുടുംബങ്ങളുടെയും യാംബുവിലെ വിവിധ പ്രവാസി സംഘടനാ നേതാക്കളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
കുട്ടികൾക്ക് മ്യൂസിക്കൽ ചെയർ, പെൻസിൽ ഡ്രോയിങ് എന്നിവയും വനിതകൾക്കായി മൈലാഞ്ചിയിടൽ മത്സരം, പുഡിങ്, പായസ മത്സരം എന്നിവയും പൊതുസമൂഹത്തിന് ക്വിസ് മത്സരവും പരിപാടിയോടനുബന്ധിച്ച് നടന്നു. കോൽക്കളി, കൊട്ടിപ്പാട്ട്, ഒപ്പന, സൂഫി ഡാൻസ്, ഇശൽ നിലാവ്, മിമിക്രി, ഗാനമേള തുടങ്ങിയവ ഉൾകൊള്ളിച്ച് നടത്തിയ കലാനിശ സംഗമത്തിന് മിഴിവേകി.
സാംസ്കാരിക സമ്മേളനം യൂത്ത് ലീഗ് നാഷനൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം അഡ്വ. എൻ.എ. കരീം ഉദ്ഘാടനം ചെയ്തു. യാംബു സെൻട്രൽ കമ്മിറ്റി ചെയർമാൻ അയ്യൂബ് എടരിക്കോട് അധ്യക്ഷത വഹിച്ചു.
യാംബുവിലെ സജീവ ജീവകാരുണ്യ പ്രവർത്തകനും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പരേതനായ സഹീർ വണ്ടൂരിന്റെ പേരിൽ ഏർപ്പെടുത്തിയ സാമൂഹിക സേവനത്തിനുള്ള പ്രഥമ പുരസ്കാരം നേടിയ ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകനായ മുഹമ്മദ് കുട്ടി പാണ്ടിക്കാടിനുള്ള അവാർഡ് ദാനം കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം കെ.പി.എ. കരീം താമരശ്ശേരി നിർവഹിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും ചടങ്ങിൽ സംഘടന നേതാക്കൾ വിതരണം ചെയ്തു. കെ.എം.സി.സി യാംബു നേതാക്കളായ മുസ്തഫ മൊറയൂർ, അബ്ദുൽ കരീം പുഴക്കാട്ടിരി, അബ്ദുറഹീം കരുവന്തിരുത്തി, അലിയാർ മണ്ണൂർ, സിറാജ് മുസ്ലിയാരകത്ത് എന്നിവർ സംബന്ധിച്ചു.
യാംബു സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മാമുക്കോയ ഒറ്റപ്പാലം സ്വാഗതവും ജോ. സെക്രട്ടറിയും പ്രോഗ്രാം കോഓഡിനേറ്ററുമായ ശറഫുദ്ദീൻ ഒഴുകൂർ നന്ദിയും പറഞ്ഞു. അബ്ദുൽ ഹമീദ് കാസർകോട്, അബ്ദുറസാഖ് നമ്പ്രം, അഷ്റഫ് കല്ലിൽ, ഷമീർ ബാബു കാരക്കുന്ന്, യാസിർ കൊന്നോല മൈലപ്പുറം, അർഷദ് ഷാമോൻ എന്നിവർ വിവിധ കലാ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.