സംഗീതവിരുന്നൊരുക്കി യാംബുവിൽ കെ.എം.സി.സി ഹരിത നിലാവ്
text_fieldsയാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി 'ഹരിത നിലാവ്' മെഗാ ഈദ് ഇവന്റ് സംഘടിപ്പിച്ചു. കാണികളുടെ മനം കവർന്ന സംഗീതവിരുന്ന് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബിനികൾക്കും വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ ഒരുക്കിയിരുന്നു. ഖുർആൻ പാരായണം, മൈലാഞ്ചിയിടൽ, പാചക മത്സരം, മെമ്മറി ടെസ്റ്റ്, പെൻസിൽ ഡ്രോയിങ് തുടങ്ങിയ മത്സരയിനങ്ങളിൽ ധാരാളം പേർ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനം മക്ക കെ.എം.സി.സി പ്രസിഡന്റ് മുജീബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. യാംബു സെൻട്രൽ കമ്മിറ്റി ഓർഗനൈസേഷൻ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ അയൂബ് എടരിക്കോട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നാസർ നടുവിൽ, സിറാജ് മുസ്ലിയാരകത്ത് എന്നിവർ സംസാരിച്ചു.
കോവിഡ് കാലത്തെ നിസ്വാർഥമായ ജീവകാരുണ്യ സേവനം നൽകിയ കെ.എം.സി.സി യാംബു നേതാക്കളായ നാസർ നടുവിൽ, സിറാജ് മുസ്ലിയാരകത്ത്, അബ്ദുറസാഖ് നമ്പ്രം എന്നിവർക്കുള്ള ഉപഹാരം മുജീബ് പൂക്കോട്ടൂർ ചടങ്ങിൽ നൽകി. ആതുരസേവന മേഖലയിൽ കോവിഡ് കാലത്തെ മികച്ച സേവനം കാഴ്ചവെച്ച യാംബു ജനറൽ ആശുപത്രിയിലെ മലയാളി നഴ്സുമാരായ സീന എബ്രഹാം, സജ്ന മുഹമ്മദ്, ജിസ്മി ഇസ്മാഈൽ, അനു ജേക്കബ് എന്നിവർക്ക് ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ഉപഹാരം മുജീബ് പൂക്കോട്ടൂർ സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന യാംബുവിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങൾക്കുള്ള പ്രശംസാഫലകങ്ങളും സമ്മാനിച്ചു. ഹരിത നിലാവ് പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ശംസുദ്ദീൻ ബദ്ർ, മാമുക്കോയ ഒറ്റപ്പാലം, അലിയാർ ചെറുകാട്, അഷ്റഫ് കല്ലിൽ, ഷമീർ ബാബു വണ്ടൂർ, യാസിർ മലപ്പുറം, അബ്ദുൽ അസീസ് കോഴിക്കോട്, അനീസ് മഞ്ചേരി, പി.എൻ. അർഷദ്, സഹീർ വണ്ടൂർ, സുബൈർ ചേലേമ്പ്ര, ഉമർ കണ്ണൂർ എന്നിവർ സമ്മാനവിതരണം നടത്തി.
സമാപന ചടങ്ങിൽ ഗായകരായ നിസാം തളിപ്പറമ്പയുടെ കുടുംബവും മദീനയിലെ ഗായിക തൻസീമ മൂസയും യാംബുവിലെ മറ്റു ഗായകരും പങ്കെടുത്ത ഇശൽ നൈറ്റ് 'മെഗാ ഈദ് ഇവന്റി'ന് നിറപ്പകിട്ടേകി. ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ഷറഫുദ്ദീൻ പാലീരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.