കെ.എം.സി.സിക്ക് ആഗോളതലത്തിൽ കമ്മിറ്റി നിലവിൽവരുന്നു; ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് പി.എം.എ സലാം
text_fieldsജിദ്ദ: ഒ.ഐ.സി.സി മാതൃകയിൽ കെ.എം.സി.സിക്കും ആഗോളതലത്തിൽ കമ്മിറ്റി വരുന്നു. കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി ഉടൻ നിലവിൽവരുമെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും കാലങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിലായിരിക്കും ഗ്ലോബൽ കമ്മിറ്റി നിലവിൽവരിക. ഗ്ലോബൽ കമ്മിറ്റിക്കും മറ്റു ദേശീയ കമ്മിറ്റി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുമായി പുതിയ ഭരണഘടന തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ ഒഴികെ മറ്റു എല്ലാ രാജ്യങ്ങളിലും കെ.എം.സി.സിയുടെ നാഷനൽ കമ്മിറ്റികൾ നിലവിൽ വന്നതായി പി.എം.എ സലാം അറിയിച്ചു. യു.എ.ഇയിലെ അവിടുത്തെ സർക്കാരുമായി ബന്ധപ്പെട്ട ചില നടപടികൾ കൂടി പൂർത്തീകരിക്കാനുള്ളത് കൊണ്ടാണ് കമ്മിറ്റി തിരഞ്ഞെടുപ്പ് വൈകുന്നതെന്നും അത് അടുത്ത മാസം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുസ്ലിംലീഗിന്റെ നിരീക്ഷണത്തിലാണ് എല്ലായിടങ്ങളിലും കെ.എം.സി.സി പ്രവർത്തിക്കുന്നത്. സൗദി കെ.എം.സി.സിയുടെ നിരീക്ഷകർ അബ്ദുറഹ്മാൻ കല്ലായി, പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ എന്നിവരാണ്. മുസ്ലിംലീഗിനെ പോലെത്തന്നെ കെ.എം.സി.സിയും ജനാധിപത്യ രീതിയിൽ മുന്നോട്ട് പോവണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സൗദിയിൽ താഴെ തട്ട് മുതൽ അംഗത്വ കാമ്പയിൻ പൂർത്തിയാക്കി വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു അവസാനം നാഷണൽ കമ്മിറ്റി തിരഞ്ഞെടുപ്പും പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ മക്കയിൽ ചേർന്ന കെ.എം.സി.സി സൗദി നാഷനൽ കൗൺസിൽ യോഗം ചേർന്ന് ദേശീയ കമ്മിറ്റി ഭാരവാഹികളെയും പ്രവർത്തക സമിതിയെയും മറ്റു ഉപവകുപ്പ് കമ്മിറ്റി ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുത്തു. ഇവരുടെ പേരുകൾ പി.എം.എ സലാം വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഒരു സ്ഥാനത്തേക്കൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലും ഏകകണ്ഠമായാണ് ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും എന്നാൽ ഒരു സ്ഥാനത്തേക്ക് മാത്രം കൗൺസിൽ അംഗങ്ങളുടെ ആരോഗ്യകരമായ ഹിതപരിശോധനയിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെക്കുറിച്ചു ആർക്കും ഒരു ആക്ഷേപവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.
മുസ്ലിംലീഗിന്റെ ഏറ്റവും പ്രസക്തമായ പോഷക സംഘടനയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ചാരിറ്റി സംഘടനയുമായ കെ.എം.സി.സി. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, കാനഡ, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ്, സിങ്കപ്പൂർ, ആസ്‌ട്രേലിയ, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, ഇറ്റലി, ജർമനി, റുമേനിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യക്കകത്ത് വിവിധ നഗരങ്ങളിലും കെ.എം.സി.സി കമ്മിറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ പ്രവർത്ത സമിതിയിലും സെക്രട്ടറിയേറ്റിലും കെ.എം.സി.സിയുടെ നേതാക്കളോ ഭാരവാഹികളോ നിലവിൽ അംഗങ്ങളാണെന്നും പി.എം.എ സലാം അറിയിച്ചു. മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ, കെ.എം.സി.സി സൗദി നാഷനൽ, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
(കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗങ്ങളുടെ സമ്പൂർണ ലിസ്റ്റ് ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.