കെ.എം.സി.സി ഭാരവാഹികൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: ഇന്ത്യൻ എംബസിയിൽ പുതുതായി ചുമതലയേറ്റ ഇന്ത്യൻ എംബസി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) രാം പ്രസാദുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. എംബസി വെൽഫെയർ വിങ് കോൺസുലർ ദേശ് ബന്ദു ഭാട്ടിയും പങ്കെടുത്ത ചർച്ചയിൽ വിവിധ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്തു.
കോവിഡ് കാലത്ത് റിയാദിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളെ ഇരുവരും പ്രകീർത്തിച്ചു. പതിനായിരക്കണക്കിനാളുകൾക്ക് ആശ്വാസമേകിയ ഭക്ഷണം, മരുന്ന് വിതരണം, കോവിഡ് രോഗലക്ഷണമുള്ളവർക്കും രോഗികൾക്കും ആശ്വാസമേകിയ ടെലികെയർ സേവനം, ഇരുന്നൂറിലധികം മൃതദേഹങ്ങൾ സംസ്കരിക്കുകയും നിലവിൽ പ്രവർത്തനം തുടരുകയും ചെയ്യുന്ന ദാറുസ്സലാം വിങ് പ്രവർത്തനങ്ങൾ, കോവിഡ് മിഷെൻറ ഭാഗമായി നടപ്പാക്കിയ വിമാന സർവിസ്, റീ ബെർത്ത്, ലീഗൽ സെൽ തുടങ്ങി ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാർക്കും പുറമെ രോഗഭീഷണിയെ വകവെക്കാതെ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതും മരിച്ചവരെ സംസ്കരിക്കുന്നതുമടക്കമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരായ നൂറുകണക്കിന് സാധാരണ കെ.എം.സി.സി പ്രവർത്തകരുടെ സേവനങ്ങളെല്ലാം നേതാക്കൾ അധികൃതരുമായി പങ്കുവെച്ചു.
പ്രവാസികൾ അഭിമുഖീകരിക്കുന്ന യാത്രാപ്രശ്നങ്ങൾ, സൗദിയിലേക്കുള്ള യാത്രാമധ്യേ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികളെ സഹായിക്കൽ, ജയിലിൽ കഴിയുന്നവർ, വിമാനം റദ്ദാക്കിയത് കാരണം യാത്ര മുടങ്ങിയ രോഗികളുൾപ്പെടെയുള്ള യാത്രക്കാരുടെ വിഷയങ്ങൾ, തർഹീലിൽ കഴിയുന്ന ഇന്ത്യക്കാർ, നാട്ടിലെത്തിക്കാൻ കഴിയാത്ത മൃതശരീരങ്ങൾ തുടങ്ങി പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഭാരവാഹികൾ എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി. കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും എംബസിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും അധികൃതർ ഉറപ്പ് നൽകി.സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ട്രഷറർ യു.പി. മുസ്തഫ, വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.