കെ.എം.സി.സി ഇടപെടൽ; യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsത്വാഇഫ്: ത്വാഇഫിനടുത്ത് അശീറയിൽ പെട്രോൾ പമ്പിൽ കുഴഞ്ഞുവീണു മരിച്ച ഉത്തർപ്രദേശ് മഹരാജ്ഗൻജ് സ്വദേശി പപ്പുവിന്റെ (48) മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലയച്ച് സംസ്കരിച്ചു. അൽ ഖുറയാത്തിൽ ഹെവി ഡ്രൈവറായി ജോലി ചെയ്തുവന്ന പപ്പു ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് കൃഷിയിടത്തിൽ ജോലി ചെയ്യുന്ന നാട്ടുകാരനിൽ പ്രതീക്ഷ അർപ്പിച്ച് അശീറയിൽ എത്തിയത്. പപ്പു ഫൈനൽ എക്സിറ്റ് വിസയിലാണെന്നറിഞ്ഞതോടെ അവിടെയും ജോലി ലഭിച്ചില്ല.
അശീറയിൽനിന്ന് മടങ്ങി പെട്രോൾ പമ്പിലെത്തി വാഹനമിറങ്ങിയ ഉടൻ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. തുടർന്ന് മസ്റയിൽ ജോലിചെയ്യുന്ന നാട്ടുകാരനെയും വാഹന ഡ്രൈവറെയും പെട്രോള്‍ പമ്പ് ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വാഭാവികമരണം സ്ഥിരീകരിച്ചതോടെ വിട്ടയക്കുകയായിരുന്നു.
മൃതദേഹം ഏറ്റെടുക്കാനോ നടപടിക്രമങ്ങൾക്കോ ബന്ധുക്കളും നാട്ടുകാരും ഇല്ലാതിരുന്നതിനാൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് സ്വാലിഹ് നാലകത്തിനാണ് കോൺസുലർ നമുനാരായണൻ മീന ‘പവർ ഓഫ് അറ്റോർണി’ നൽകിയത്.
സ്വാലിഹ് നാലകത്തിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുകയും കഴിഞ്ഞ ദിവസം സംസ്കരിക്കുകയുമായിരുന്നു. നാട്ടിൽ അയക്കുന്നതിനും മറ്റുമുള്ള മുഴുവൻ ചെലവുകളും ജിദ്ദ ഇന്ത്യന്‍ കോൺസുലേറ്റാണ് വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.