വൻ ജനപങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് കെ.എം.സി.സി ജിദ്ദ മെഗാ ഇഫ്താർ
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഒരുക്കിയ മെഗാ ഇഫ്താർ വിരുന്നിൽ അബൂബക്കർ അരിമ്പ്ര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ജിദ്ദ: സ്നേഹവും സൗഹൃദവും പങ്കുവെച്ചു ജിദ്ദയിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും വിവിധ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളെയും പങ്കെടുപ്പിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തിയ മെഗാ ഇഫ്താർ വിരുന്ന് ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ വേറിട്ട ഇഫ്താർ സംഗമമായി. സർവ്വ നാശത്തിന്റെയും വിഷവിത്തായ മാരക ലഹരി പള്ളിക്കൂടങ്ങളുടെ പടിവാതിലിൽ പോലും വിപണനം ചെയ്യുന്ന കാലത്ത് ഈ സാമൂഹ്യ വിപത്തിനെതിരെ നാടിനെയും കുടുംബത്തെയും രക്ഷിക്കാനും നാട്ടിൽ സർക്കാരിന്റെയും പൊലീസിന്റെയും നിസ്സംഗതക്ക് എതിരെയും 'നാശം വിതക്കുന്ന വിഷമാണ് ലഹരി' എന്ന ശീർഷകത്തിൽ ജിദ്ദ കെ.എം.സി.സി ലഹരി വിരുദ്ധ കാമ്പയിൻ നടത്തുകയാണ്. കാമ്പയിൻ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ചെല്ലിക്കൊടുത്ത ലഹരി വിരുദ്ധ സത്യ പ്രതിജ്ഞ ഇഫ്താറിൽ പങ്കെടുത്ത ആയിരങ്ങൾ ഏറ്റു ചൊല്ലി.
യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അൽകുമ്റ ഏരിയ കെ.എം.സി.സി നേതാവ് പാണ്ടികശാല ഹബീബിന്റെ മകൾ ഫെല്ലാ മെഹകിന് കെ.എം.സി.സി ഉപഹാരം വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി കൈമാറി. കുട്ടിഹസ്സൻ ദാരിമി പ്രാർത്ഥന നടത്തി. റഫീഖ് ഫൈസി നിലമ്പൂർ മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. ജിദ്ദ ഫൈസലിയ്യ ലുലു ടർഫിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി, ഇഫ്താറിനെത്തിയ മുഴുവൻ അതിഥികൾക്കും നോമ്പ് തുറ വിഭവങ്ങളും ഭക്ഷണവും കൃത്യമായി ഒരുക്കി ഉച്ച വെയിലിന്റെ ചൂടിലും നോമ്പിന്റെ ക്ഷീണം മറന്നു എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വളണ്ടിയർ വിങ്, രാവിലെ മുതൽ മുഴുവൻ പ്രവർത്തങ്ങളും ഓടി നടന്നു നിയന്ത്രിച്ച നേതാക്കൾ, വിവിധ പ്രവർത്തങ്ങൾ ഏകോപിപ്പിച്ച ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികൾ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
ഇഫ്താർ സംഗമത്തിൽ അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കുട്ടി, അഹമ്മദ് പാളയാട്ട്, ഉബൈദ് തങ്ങൾ മേലാറ്റൂർ, ഹക്കീം പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു. സി.കെ. റസാക്ക് മാസ്റ്റർ, എ.കെ. ബാവ, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരാക്കുളം, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, സാബിൽ മമ്പാട്, ഷക്കീർ മണ്ണാർക്കാട്, സുബൈർ വട്ടോളി, ഷൗക്കത്ത് ഒഴുകൂർ, അഷ്‌റഫ് താഴെക്കോട്, സിറാജ് കണ്ണവം, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.