കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി രൂപവത്കരണം വിവാദത്തിൽ; ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്ത്
text_fieldsഅബഹ: കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി രൂപവത്കരണം അവസാനിച്ചപ്പോൾ ഒരു വിഭാഗം പുതിയ കമ്മിറ്റി അംഗങ്ങൾക്കെതിരെ രംഗത്തുവന്നു. തിരഞ്ഞെടുപ്പിൽ ജനാധിപത്യ മര്യാദ പാലിച്ചില്ലെന്നും ചില നേതാക്കളെ കമ്മിറ്റിയിൽ എടുക്കുന്നതിൽനിന്ന് മനപ്പൂർവം തഴഞ്ഞതായുമാണ് ആരോപണം.
കഴിഞ്ഞ ആറ് വർഷമായി നിലവിലുണ്ടായിരുന്ന അലി സി. പൊന്നാനിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കമ്മിറ്റിയെ അതേ രീതിയിൽ തന്നെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പുതിയ അംഗങ്ങളെക്കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തണം എന്നാണ് പരാതിക്കാരുടെ ആവശ്യം. ഇതുസംബന്ധിച്ച് അലി സി. പൊന്നാനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പരസ്പര വാഗ്വാദം നടക്കുന്നത്.
സത്താർ ഒലിപ്പുഴയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. ജനറൽ ബോഡി മീറ്റിങ്ങിൽ ഈ ആവശ്യം ഉന്നയിച്ച അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്യുകയും അദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ വരെ തുനിഞ്ഞു എന്നും ഇവർ പറയുന്നു.
എന്നാൽ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന കമ്മിറ്റി തുടരാൻ തീരുമാനിക്കുകയായിരുന്നു എന്നും എക്സിക്യൂട്ടിവ് കമ്മിറ്റികളിൽ കൃത്യമായി പങ്കെടുക്കാത്തവരുടെ ആവശ്യം ഭാരവാഹികൾ തള്ളിക്കളഞ്ഞതാണെന്നുമാണ് പുതിയ നേതൃത്വം പറയുന്നത്. ഭൂരിപക്ഷ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് പഴയ കമ്മിറ്റിതന്നെ തുടരട്ടെ എന്ന് തീരുമാനിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ അവകാശം. ചില തൽപര കക്ഷികളുടെ കുതന്ത്രങ്ങളാണ് ചിലരെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നത് എന്നും ഭാരവാഹികൾ പറയുന്നു. മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവരെ കമ്മിറ്റിയിൽ കൊണ്ടുവരാൻ ഭരണപക്ഷം എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ഭാരവാഹികൾ പറയുന്നു. എന്നാൽ ചിലരുടെ അധികാര മോഹമാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് മറുപക്ഷം ആരോപിക്കുന്നത്. കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി വിഷയത്തിൽ ഇടപെടും എന്നും പ്രശ്നങ്ങൾ പരിഹരിക്കും എന്നും സോഷ്യൽ മീഡിയയിൽ കൂടി സംഘടനവിഷയങ്ങൾ പ്രചരിപ്പിച്ചവർക്കതിരെ നടപടി എടുക്കും എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.