യാംബുവിൽ രോഗം ബാധിച്ച് അവശനായ മലയാളിക്ക് കെ.എം.സി.സി പ്രവർത്തകരുടെ കൈത്താങ്ങ്
text_fieldsയാംബു: പ്രമേഹവും മറ്റു രോഗങ്ങളാലും അവശതയിൽ കഴിഞ്ഞ മലയാളിക്ക് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളുടെ ഇടപെടലിൽ ചികിത്സക്ക് വഴിയൊരുങ്ങി. മലപ്പുറം വൈരങ്കോട് കൈതക്കര സ്വദേശി കുന്നത്ത് കുഞ്ഞിമുഹമ്മദ് (62) ആണ് കെ.എം.സി.സി ഭാരവാഹികളായ നിയാസ് പുത്തൂർ, അയ്യൂബ് എടരിക്കോട്, മാമുക്കോയ ഒറ്റപ്പാലം, അബ്ദുൽ കരീം പുഴക്കാട്ടിരി, അലിയാർ മണ്ണൂർ, അഷ്‌റഫ് കല്ലിൽ, അബ്ദുറസഖ് നമ്പ്രം, ഷറഫു പലേരി, ആരിഫ് ചാലിയം എന്നിവരുടെ കൈത്താങ്ങിൽ യാംബു ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
40 വർഷം പ്രവാസിയായിരുന്ന കുഞ്ഞിമുഹമ്മദ് നേരത്തേ ദമ്മാമിൽ നല്ല നിലയിൽ ബിസിനസ് മേഖലയിൽ കഴിയുകയായിരുന്നു. അതിനിടയിലുണ്ടായ സാമ്പത്തികബാധ്യതയിൽ ബിസിനസ് ഒഴിവാക്കേണ്ടി വന്നു. പിന്നീട് യാംബുവിലെത്തിയ അദ്ദേഹം ഒരു ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ചെയ്‌തെങ്കിലും രണ്ടു വർഷമായി ശമ്പളം കിട്ടാത്ത അവസ്ഥയിലായിരുന്നു. ഇതിനിടെ ഇഖാമയുടെ കാലാവധിയും കഴിഞ്ഞു. അഞ്ചുവർഷമായി നാട്ടിൽ പോയിട്ടില്ല.
കടുത്ത പ്രമേഹവും മറ്റു രോഗങ്ങൾ കൊണ്ടും ഏറെ അവശനായ കുഞ്ഞിമുഹമ്മദിന്റെ അവസ്ഥ മനസ്സിലാക്കിയ ഒരു മലയാളി കെ.എം.സി.സി നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. കുഞ്ഞിമുഹമ്മദിനെ ജോലി ചെയ്ത സ്ഥലത്തുനിന്ന് പ്രത്യേക ഹോട്ടലിലേക്ക് മാറ്റിയ സാമൂഹികപ്രവർത്തകർ അദ്ദേഹത്തിന് വേണ്ട ഭക്ഷണവും ചികിത്സയും മറ്റും നൽകി പരിചരിക്കുന്നതിനിടയിൽ രോഗം മൂർച്ഛിക്കുകയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. പരിശോധനയിൽ തലക്ക് അനിവാര്യമായി ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നും മദീനയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടതുണ്ടെന്നും യാംബു ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായും സാമൂഹികപ്രവർത്തകർ പറഞ്ഞു.
കുഞ്ഞിമുഹമ്മദിന്റെ ഇഖാമയും ഇൻഷുറൻസ് കാർഡും കാലാവധി കഴിഞ്ഞതിനാൽ ആശുപത്രിയിൽ സൗജന്യചികിത്സ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥ സാമൂഹികപ്രവർത്തകരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടയിൽ അദ്ദേഹത്തെ വിദഗ്‌ധ ചികിത്സക്കായി നാട്ടിലേക്കയക്കാൻ യാംബുവിലെ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പറും കെ.എം.സി.സി പ്രവർത്തകനുമായ സിറാജ് മുസ്‌ലിയാരകത്ത് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് എമർജൻസി പാസ്പോർട്ടും മറ്റു നടപടികളും പൂർത്തിയാക്കിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിലായതിനാൽ നാട്ടിലേക്കയക്കാൻ കഴിയാതെ വന്നു.
ഭീമമായ സംഖ്യ കുഞ്ഞിമുഹമ്മദിന്റെ ചികിത്സക്ക് വരുന്ന അവസ്ഥയാണിപ്പോൾ ഉള്ളതെന്നും സുമനസ്സുകളുടെ പൂർണമായ സഹായം ചികിത്സക്ക് ഇപ്പോൾ അനിവാര്യമായിരിക്കുകയാണെന്നും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.