കെ.എം.സി.സി സംഘടന തെരഞ്ഞെടുപ്പ്: ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsജിദ്ദ: ജിദ്ദയിൽ കെ.എം.സി.സി നടത്തുന്ന സംഘടന അംഗത്വ കാമ്പയിന്റെ അവസാനഘട്ടമായ ഏരിയ സമ്മേളനങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാവും. രാത്രി അൽറിഹാബ് ഏരിയ സമ്മേളനവും വെള്ളിയാഴ്ച റുവൈസ് ഏരിയ സമ്മേളനവും നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ മറ്റ് ഏരിയകളുടെ സമ്മേളനങ്ങളും നടക്കും. കിങ് ഫൈസൽ ആശുപത്രിയിലെ ഡോ. ബിൻയാമിന് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അംഗത്വം നൽകിയാണ് ജിദ്ദയിൽ കെ.എം.സി.സി അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
ശേഷം സാമൂഹിക, സാംസ്കാരിക, കല, സേവന മേഖലയിലെ നിരവധി പ്രമുഖരും മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് രാജിവെച്ച ഒട്ടേറെ പേരും പുതുതായി കെ.എം.സി.സിയിൽ ചേർന്നു. കാമ്പയിനിന്റെ ഭാഗമായി കല, കായിക, സാംസ്കാരിക പരിപാടികൾ കോർത്തിണക്കി സംഘടിപ്പിച്ച മെഗാ ഫാമിലി മീറ്റ് പ്രവാസി ജിദ്ദ കണ്ട ഏറ്റവും വലിയ മഹാമേളയായി മാറി. നാട്ടിലെ പ്രമുഖരും ജിദ്ദയിലെ വിവിധ മേഖലയിലുള്ളവരും പങ്കെടുത്ത സൗഹൃദ സദസ്സ്, സി.എച്ച് പുസ്തക പ്രകാശനം തുടങ്ങിയ വിവിധ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടന്നു. ഏരിയ സമ്മേളനത്തിൽ പുതിയ കൗൺസിൽ ചേർന്ന് പുതിയ ഏരിയ കമ്മിറ്റികളെ തെരഞ്ഞെടുക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽനോട്ടം വഹിക്കാൻ ഓരോ ഏരിയക്കും ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സൗദി നാഷനൽ കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന ഒരു റിട്ടേണിങ് ഓഫിസറും ജിദ്ദയിലെ വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു നിരീക്ഷകരുമുണ്ടാവും. റിട്ടേണിങ് ഓഫിസർമാരുടെയും നിരീക്ഷകരുടെയും ലിസ്റ്റിന് കഴിഞ്ഞ ദിവസം ചേർന്ന സെൻട്രൽ കമ്മിറ്റി യോഗം അംഗീകാരം നൽകി. കഴിഞ്ഞ തവണ 72 ഏരിയ കമ്മിറ്റികളിലായി 25,000 പേരായിരുന്നു കെ.എം.സി.സി അംഗങ്ങൾ.
എന്നാൽ, ജിദ്ദയിലെ നഗരനവീകരണ ഭാഗമായി മുപ്പതോളം ഏരിയകൾ പൂർണമായോ ഭാഗികമായോ പൊളിച്ചുപോയതിനാൽ നിലവിലുള്ളതും പുതുതായി അംഗീകാരം നൽകിയതുമായ 60 ഏരിയകൾ കേന്ദ്രീകരിച്ചാണ് കാമ്പയിൻ നടന്നത്.ഏരിയ കമ്മിറ്റി രൂപവത്കരണം പൂർത്തിയായാൽ പുതിയ ജിദ്ദ സെൻട്രൽ കമ്മിറ്റിയും പുതിയ സൗദി നാഷനൽ കമ്മിറ്റിയും നിലവിൽവരും. ശേഷം ജിദ്ദയിലെ കെ.എം.സി.സി പഞ്ചായത്ത്, മണ്ഡലം, ജില്ല കമ്മിറ്റികളും ഇതേ അംഗത്വ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.