കെ.എം.സി.സി ആസ്‌പെയർ പോസ്റ്റർ ഡിസൈനിങ് ശിൽപശാല
text_fieldsജിദ്ദ: ക്ലറിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തൊഴിൽ ഉന്നമനത്തിനുതകുന്ന വിവിധ പരിശീലനങ്ങൾ നൽകുന്നതിനായി ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി രൂപവത്കരിച്ച 'ആസ്‌പെയർ' സംഘടിപ്പിക്കുന്ന പോസ്റ്റർ ഡിസൈനിങ് ശിൽപശാലക്ക് തുടക്കമായി. കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച മീഡിയ ട്രെയിനിങ് കോഴ്‌സിന്റെ തുടർച്ചയായാണ് പോസ്റ്റർ ഡിസൈൻ ശിൽപശാല സംഘടിപ്പിക്കുന്നത്. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ വി.പി. മുസ്തഫ ശിൽപശാല ഉദ്‌ഘാടനം ചെയ്തു.
സമൂഹത്തെ ഉണർത്താൻ പ്രാപ്തരായ ഡിസൈനർമാരെ വാർത്തെടുക്കാൻ സാധിക്കുന്നതാണ് പരിശീലനമെന്നും, വാർത്തകൾ അടർത്തിമാറ്റി, ചരിത്രം വളച്ചൊടിച്ച് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കപ്പെടുന്ന വർത്തമാനകാലത്ത് ഇത്തരം പരിശീലനം നേടിയവർക്ക് മാനവിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് ഒട്ടേറെ സംഭാവനകൾ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യതയാർന്ന വാചകങ്ങളിലൂടെ ആശയങ്ങൾ പോസ്റ്റർ രൂപത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ, ജനമനസ്സുകളിൽ അതുണ്ടാക്കുന്ന സ്വാധീനം വിവരണാതീതമാണ്. സമർപ്പിക്കപ്പെടുന്ന റിപ്പോർട്ടുകൾ അത്യാകർഷക രൂപത്തിൽ രൂപപ്പെടുത്തുന്നതും, അതിപ്രധാന വാർത്തകൾ പോലും പോസ്റ്റർ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നതും വർത്തമാന കാലത്തെ പ്രവണതയാണ്.
ക്ലറിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത്തരം പരിശീലനങ്ങൾ ലഭിക്കുന്നത് തൊഴിൽ രംഗത്ത് അവരുടെ ഉന്നമനത്തിന് ഉതകുന്നതായതിനാൽ, തുടർന്നും ഇത്തരം വിവിധങ്ങളായ പരിശീലന ക്ലാസുകൾ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ അറിയിച്ചു. പ്രമുഖ പോസ്റ്റർ ഡിസൈനർ അൽ മുർത്തുവാണ് ശിൽപശാലക്ക് നേതൃത്വം നൽകുന്നത്. ദ്വൈമാസ ദൈർഘ്യമുള്ള ശിൽപശാലയിൽ വിഡിയോ എഡിറ്റിങ് ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, അബ്ബാസ് വേങ്ങൂർ എന്നിവർ സംസാരിച്ചു. അഫ്സൽ, ഹംസ കുട്ടി എന്നിവർ നേതൃത്വം നൽകി. ആസ്‌പെയർ കൺവീനർ സുൽഫിക്കർ ഒതായി സ്വാഗതവും വി.വി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.