കെ.എം.സി.സി പ്രീമിയർ സോക്കർ: മന്തി അൽ ജസീറ ട്രോഫി മൈ കെയർ ഫാൽക്കൺ എഫ്.സിക്ക്
text_fieldsഅബ്ഹ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലൈഫ് ടൈം മെട്രോ സ്പോർട്സിനെ ടോസിലൂടെ മറികടന്ന് മൈ കെയർ ഫാൽക്കൺ എഫ്.സി കെ.എം.സി.സി പ്രീമിയർ സോക്കർ മന്തി അൽ ജസീറ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടു. റിസ്‌വാനും ജിബ്സണും റഹീമും ബാറിന് കീഴിൽ വൻ മതിലായി നില കൊണ്ട ആദിലും നയിച്ച മെട്രോ ടീം കലാശക്കളിയുടെ ആദ്യപാദത്തിൽ രണ്ട് ഗോൾ ലീഡ് നേടി.
എങ്കിലും അവസാന മിനുട്ടുകളിൽ ഫഹീം അലിയും ഷാനവാസും ഹാഫിസും ജുനൈദും അർഷദും ഉൾപ്പടെ താരനിബിഢമായ മുൻ ചാമ്പ്യൻമാർ നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ നേടിയ രണ്ട് ഗോളുകൾ മത്സരം സമനിലയിലാക്കി. ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് മന്തി അൽ ജസീറ ചാമ്പ്യൻസ് ട്രോഫിയും ഷിഫ അൽ ഖമീസ് മെഡിക്കൽ കോംപ്ലക്സ് നൽകുന്ന 17,777 റിയാൽ പ്രൈസ് മണിയും ടോസിലൂടെ ഫാൽക്കൺ എഫ്.സി സ്വന്തമാക്കിയത്. റണ്ണേഴ്സ് അപ്പിന് റോയൽ ട്രാവൽസ് ട്രോഫ്രിയും റോയ സ്വീറ്റ്സ് നൽകുന്ന 8,888 റിയാൽ പ്രൈസ്മണിയും ലഭിക്കും.
ഒന്നാം സെമിയിൽ അജ്നാസും രാമനും സുബൈറും നയിച്ച കാസ്ക് ഖമീസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഫാൽക്കൺ എഫ്.സി കലാശപ്പോരിനെത്തിയത്. കേരള താരങ്ങളായ ജിജു ജോസഫും അഫ്സൽ മുത്തുവും മർസൂഖും റാഷിദും കീപ്പർ ഷാനവാസും അണിനിരന്ന ലയൺസ് എഫ്.സിക്കെതിരെ ആധികാരിക ജയം നേടിയാണ് ടീം മെട്രോ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.
ടൂർണമെൻറിലെ വ്യക്തിഗത മികവുകൾക്കുള്ള സമ്മാനങ്ങൾ അർഷിദ് (ഒന്നാം സെമി മാൻ ഓഫ് ദ മാച്ച്), ജിജോ ജോസഫ് (രണ്ടാം സെമി മാൻ ഓഫ് ദ മാച്ച്), ഹാഫിസ് (ഫൈനൽ മാൻ ഓഫ് ദ മാച്ച്), ആദിൽ (ബെസ്റ്റ് ഗോൾ കീപർ), വർമ്മ (ബെസ്റ്റ് ഡിഫൻഡർ), റിസ്വാൻ (ബെസ്റ്റ് പ്ലെയർ) എന്നിവർ നേടി.
വിജയികൾക്കുള്ള ട്രോഫി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂരും പ്രൈസ് മണി മന്തി അൽ ജസീറ ഡയറക്ടർ കാസിം ചേറൂരും സമ്മാനിച്ചു.
റണ്ണേഴ്സ് ട്രോഫി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്തീൻ കട്ടുപ്പാറയും റണ്ണേഴ്സ് പ്രൈസ് മണി റോയൽ ട്രാവൽസ് മാനേജർ ബഷീർ മലപ്പുറവും സമ്മാനിച്ചു. ഉബൈദ് അബഹ, സാദിഖ് വാദി ബിൻ ഹഷ്ബൽ, റഫീഖ് സാറ, അഷ്റഫ് ഡി.എച്ച്.എൽ, നിസാർ കരുവൻ തുരുത്തി, റഷീദ് മദീന അസ്കരി, മിസ്വർ മുണ്ടുപറമ്പ എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
ബഷീർ മൂന്നിയൂർ, മുഹമ്മദ് കുട്ടി മാതാപ്പുഴ, മൊയ്തീൻ കട്ടുപ്പാറ, സിറാജ് വയനാട്, സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി, ഉസ്മാൻ കിളിയമണ്ണിൽ, ഷാഫി തിരൂർ, ശരീഫ് മോങ്ങം, ഉമർ ചെന്നാരിയിൽ, ഹസ്റത്ത് കടലുണ്ടി, മഹറൂഫ് കോഴിക്കോട് എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.