കേരളത്തിൽ നിന്നുള്ള ഉംറ സംഘത്തിനു മക്കയിൽ കെ.എം.സി.സി സ്വീകരണമൊരുക്കി
text_fieldsമക്ക: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ നിന്ന് എത്തിയ ഉംറ സംഘത്തിനു മക്കയിൽ കെ.എം.സി.സി ആവേശകരമായ സ്വീകരണമൊരുക്കി. ഈ മാസം അഞ്ചാം തിയതി അൽ ഹിന്ദ് ട്രാവൽസിന് കീഴിൽ അഷ്‌റഫ് മൗലവി വയനാടിന്റെ നേതൃത്വത്തിൽ മദീനയിലിറങ്ങിയ സംഘം അഞ്ചു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് പത്താം തിയതി രാത്രിയോടെ മക്കയിലെ താമസ സ്ഥലമായ ജിയാദ് സ്ട്രീറ്റിലെ അൽ ബലദ് അൽ ത്വയ്യിബ് ഹോട്ടലിലെത്തിയത്.
വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ് സ്വീകരണം നൽകിയത്. പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാര, മുസ്തഫ മുഞ്ഞക്കുളം, ഹാരിസ് പെരുവള്ളൂർ, എം.സി നാസർ വിളയിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
കോവിഡിനെ തുടർന്ന് വിമാന സർവിസുകൾക്ക് നിയന്ത്രണം വരികയും വിദേശ ഉംറ തീർത്ഥാടകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തതോടെ കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടനവും പൂർണ്ണമായും നിലച്ചിരുന്നു. തുടർന്ന് വിദേശ ഉംറ തീർത്ഥാടകർക്ക് അനുവാദം നൽകിയപ്പോഴും ഇന്ത്യ അടക്കം യാത്ര നിരോധനം നിലനിന്ന രാജ്യങ്ങളിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ തങ്ങിയ ശേഷം മാത്രമേ സൗദിയിൽ എത്താൻ അനുവദിച്ചിരുന്നുള്ളൂ.
ശേഷം ഇന്ത്യയിൽ നിന്നും ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതോടെ കേരളത്തിൽ നിന്നുള്ള ചുരുക്കം ചില തീർഥാടകർ നേരത്തെ മക്കയിലെത്തിയിരുന്നു. എന്നാൽ വനിതകൾ ഉൾപ്പെടെയുള്ള വലിയ സംഘം ഇതാദ്യമായാണ് പുണ്യഭൂമിയിലെത്തുന്നത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവിസുകൾ കൂടി കൃത്യമായി ആരംഭിക്കുന്നതോടെ കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ ഒഴുക്ക് വരുംദിവസങ്ങളിൽ കൂടിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.