ചതിയിൽപെട്ട് നാടണയാൻ കഴിയാതിരുന്ന യുവാവിന് കെ.എം.സി.സിയുടെ ഇടപെടലിൽ ആശ്വാസം
text_fieldsത്വാഇഫ്: റിയാദ് ബാങ്കിന്റെ പേരിൽ അജ്ഞാത ഫോണിൽനിന്ന് തന്റെ ഫോണിലേക്ക് വന്ന വ്യാജ മെസേജിൽ കുടുങ്ങി യാത്രാവിലക്ക് വന്ന് പ്രതിസന്ധിയിലായ മലപ്പുറം പുൽപ്പറ്റ കളത്തിൻപടി സ്വദേശി ശമീമിന് നാട്ടിൽ പോകാൻ വഴിയൊരുങ്ങി. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹിന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ശമീമിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിച്ചത്.
നാലു വർഷത്തിനു ശേഷം അവധിക്ക് നാട്ടിൽ പോയി തിരിച്ചുവന്നപ്പോഴാണ് യാത്രവിലക്കുള്ളത് ശമീം അറിയുന്നത്. നാട്ടിലേക്ക് പോകുമ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞ ഉടനെ സ്പോൺസർ ഹുറൂബ് ആക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. റിയാദ് ബാങ്കിലായിരുന്നു ശമീം അക്കൗണ്ട് എടുത്തിരുന്നത്. ഒരു ദിവസം തന്റെ ഫോണിലേക്ക് റിയാദ് ബാങ്കിൽനിന്നാണെന്ന് പറഞ്ഞ് ഒരു കാൾ വരുകയും ഒ.ടി.പി നമ്പർ, അബ്ശിർ യൂസർ നെയിം, പാസ്വേഡ് എന്നിവ ആവശ്യപ്പെടുകയും ഇദ്ദേഹം അതെല്ലാം നൽകുകയുമായിരുന്നു. തുടർന്ന് തന്റെ അക്കൗണ്ടിൽ മൂന്ന് പ്രാവശ്യം കാശ് ക്രയവിക്രയം നടക്കുകയും മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് വലിയൊരു സംഖ്യ പിൻവലിക്കുകയുമുണ്ടായി എന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഷീറ്റിൽ പറയുന്നത്.
ഇതേ തുടർന്ന് ശമീം പൊലീസ് പിടിയിലാവുകയും ഒന്നര മാസത്തോളം ജയിലിൽ അടക്കപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം കൂടിയായ ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് ഇദ്ദേഹത്തിന്റെ വിവരം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെട്ട കോൺസുലേറ്റ് ശമീം നിരപരാധിയാണെന്ന് കാണിച്ച് അധികൃതർക്ക് കത്തയച്ചതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കുകയും നിരപരാധിയാണെന്ന് തെളിഞ്ഞ് പുറത്തിറങ്ങുകയുമായിരുന്നു. ഹുറൂബ് ഒഴിവാക്കിക്കിട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും സ്പോൺസർ വഴങ്ങിയില്ല. ഇതിനെത്തുടർന്ന് കോൺസുലേറ്റിൽ രജിസ്ട്രേഷൻ നടത്തിയതിനെ തുടർന്ന് കോൺസുലേറ്റ് ജീവനക്കാരൻ മീർ തൻവീർ അലിയുടെ കൂടെ ഇദ്ദേഹത്തെ ശുമൈസി ജയിലിൽ ഹാജരാക്കി ഫൈനൽ എക്സിറ്റ് നേടുകയും കോൺസുലേറ്റ് വഴി നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുകയുമായിരുന്നു.
ആക്ടിങ് കോൺസുൽ ജനറൽ മുഹമ്മദ് അബ്ദുൽ ജലീലിന്റെയും വെൽഫെയർ വൈസ് കോൺസുൽ അമരീന്ദ്ര കുമാർ അമരീഷിന്റെയും ഇടപെടലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
കോൺസുലേറ്റ് അധികൃതരുടെ ആത്മാർഥമായ സഹകരണത്തിനും വിഷയത്തിൽ കൃത്യസമയത്ത് ഇടപെട്ട മുഹമ്മദ് സാലിഹിന്റെ നിതാന്ത പരിശ്രമത്തിനും ശമീമും കുടുംബവും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.