കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ദ്വൈമാസ കാമ്പയിന് തുടക്കമായി
text_fieldsറിയാദ്: 'പ്രവാസത്തിന്റെ കരുതലാവുക; സംഘശക്തിക്ക് കരുത്താവുക' എന്ന പ്രമേയം മുന്നോട്ട് വെച്ച് 'സ്റ്റെപ്' എന്ന പേരിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന ദ്വൈമാസ സംഘടന ശാക്തീകരണ കാമ്പയിന് തുടക്കമായി. കാമ്പയിൻ പ്രഖ്യാപന സമ്മേളനം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
പ്രവാസ ലോകത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് കെ.എം.സി.സി ജീവകാരുണ്യ രംഗത്ത് മാത്രമല്ല സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കല, കായിക മേഖലകളിലും കെ.എം.സി.സിയുടെ പ്രവർത്തനം സജീവമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് ഏത് തരത്തിലുള്ള പ്രയാസങ്ങൾ വന്നാലും കെ.എം.സി.സിയുടെ തണലുണ്ടാവുമെന്ന ആത്മധൈര്യം പ്രവാസ സമൂഹത്തിന് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ധാരാളം ആളുകൾ കഴിഞ്ഞ കാലങ്ങളിൽ കെ.എം.സി.സിയിലേക്ക് കടന്നുവന്നിട്ടുണ്ട്. തികഞ്ഞ രാഷ്ട്രീയ കാഴ്ചപ്പാടോട് കൂടി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ മുസ്ലിം ലീഗിന്റെ ആശയ ആദർശങ്ങൾക്കനുസൃതം പ്രവർത്തിക്കുവാനാണ് ഇക്കാലമത്രയും കെ.എം.സി.സി ശ്രമിച്ചിട്ടുള്ളതെന്നും അഷ്റഫ് വേങ്ങാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാല പ്രവർത്തനങ്ങൾ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംങ് സെക്രട്ടറി സത്താർ താമരത്ത് വിശദീകരിച്ചു. കാമ്പയിൻ ലോഗോ പ്രകാശനവും അഷ്റഫ് വേങ്ങാട്ട് നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
കാമ്പയിൻ കാലാവധിക്കകം ജില്ലാ ഘടകങ്ങൾ, മുപ്പതോളം ഏരിയ കമ്മിറ്റികൾ, വിവിധ ഉപസമിതികൾ, പുനഃസംഘടന നടക്കാൻ ബാക്കിയുള്ള നിയോജക മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾ എന്നിവ രൂപീകരിക്കും. കാമ്പയിൻ സമാപനത്തോടെ ഒരു വർഷത്തേക്കുള്ള കർമ പദ്ധതിക്ക് കൂടി സെൻട്രൽ കമ്മിറ്റി രൂപം നൽകും. റഹീം മോചന സഹായ ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി നൽകിയ 75 ലക്ഷം രൂപയടക്കം കമ്മിറ്റിയുടെ ആറ് മാസത്തെ സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അഷ്റഫ് വെള്ളെപ്പാടം അവതരിപ്പിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, വി. ഷാഹിദ് മാസ്റ്റർ, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫറോക്ക്, ജലീൽ തിരൂർ, അഷ്റഫ് കല്പകഞ്ചേരി, മജീദ് പയ്യന്നൂർ, പി.സി അലി വയനാട്, മാമുക്കോയ തറമ്മൽ, കബീർ വൈലത്തൂർ, സിറാജ് മേടപ്പിൽ, പി.സി മജീദ് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.