കെ.എം.സി.സി സുരക്ഷപദ്ധതി കാമ്പയിൻ ഡിസം. 15ന് അവസാനിക്കും
text_fieldsറിയാദ്: കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിൽ നടക്കുന്ന സാമൂഹിക സുരക്ഷാപദ്ധതിയിൽ എല്ലാ പ്രവാസികളും പങ്കാളികളാകണമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. ഈ മാസം 15ന് പദ്ധതിയുടെ കാമ്പയിൻ അവസാനിക്കാനിരിക്കെ പ്രവാസി സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ അംഗങ്ങളായവർക്ക് പദ്ധതി പുതുക്കാനും പുതിയ പ്രവാസികൾക്ക് ചേരാനുമുള്ള സംവിധാനം ഓൺലൈനിലും ഒപ്പം കെ.എം.സി.സിയുടെ 36 സെൻട്രൽ കമ്മിറ്റികൾ വഴിയും ഒരുക്കിയെന്നും അവർ പറഞ്ഞു.
സൗദിയിലെ പ്രവാസികൾക്കും നേരത്തെ ഈ പദ്ധതിയിൽ തുടർച്ചയായ വർഷങ്ങളിൽ അംഗങ്ങളായി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയവർക്കും അംഗങ്ങളാകാനാവും. പ്രവാസി സമൂഹമെന്ന പൊതുബോധത്തിൽ നിന്നുടലെടുത്ത ഈ പദ്ധതിക്ക് ഒരു ദശകം പിന്നിടുമ്പോൾ പ്രവാസി സമൂഹത്തിനിടയിൽ വലിയ അംഗീകാരമാണ് നേടാനായത്. സൗദിയുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജോലിയെടുക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടിയുള്ള പരസ്പര സഹായ പദ്ധതിയിൽ പതിനായിരങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ അംഗങ്ങളായത്.
10 വർഷത്തിനകം ഈ പദ്ധതിയിൽ അംഗങ്ങളായ അഞ്ഞൂറിലധികം പേർ വിവിധ കാരണങ്ങളാൽ മരിച്ചു. ഇവരുടെ അനാഥരായ കുടുംബങ്ങൾക്ക് ധനസഹായം നൽകാനായി. കോഴിക്കോടുള്ള രജിസ്ട്രേഡ് ട്രസ്റ്റ് ഓഫീസ് വഴി സമഗ്രവും വ്യവസ്ഥാപിതവുമായ രൂപത്തിൽ നിയമവിധേയമായാണ് പ്രവർത്തിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന പദ്ധതിയിൽ കാമ്പയിൻ കാലയളവിൽ ഓൺലൈൻ വഴി വളരെ എളുപ്പത്തിൽ അംഗത്വം നേടാൻ സാധിക്കും.
നിയമവിധേയമായുള്ള ട്രസ്റ്റിന് കീഴിൽ പരാതികള്‍ക്ക് ഇടം നല്‍കാതെ, കൃത്യവും സുതാര്യവും സമയബന്ധിതവുമായാണ് പദ്ധതിയുടെ പ്രയാണം. mykmcc.org എന്ന വെബ്സൈററ്റിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാണ്. പദ്ധതി കാമ്പയിൻ അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ വിപുലമായ പ്രചാരണങ്ങളിലൂടെ കൂടുതൽ പ്രവാസികൾക്കിടയിലേക്ക് സന്ദേശമെത്തിക്കാൻ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പരിപാടികളാവിഷ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന വിവിധ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെയും സുരക്ഷാ പദ്ധതി കോഓഡിനേറ്റർമാരുടെയും യോഗത്തിൽ നാഷനൽ കമ്മിറ്റി കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, ട്രഷറർ അഹമ്മദ് പാളയാട്ട് എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ റഫീഖ് പാറക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി. വിവിധ സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികളും കോഓഡിനേറ്റർമാരും ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സെക്രട്ടറി സൈദ് മൂന്നിയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.