കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി; 10ാം വാര്‍ഷിക ഉപഹാരമായി പ്രവാസി പെൻഷൻ
text_fieldsജിദ്ദ: മരണവും രോഗങ്ങളുംകൊണ്ട് കഷ്ടത അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് സമാശ്വാസത്തിന്‍റെ തണല്‍ വിരിച്ച കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതി 10ാം വര്‍ഷത്തിലേക്ക്. 10ാം വാര്‍ഷിക ഉപഹാരമായി മുന്‍കാലങ്ങളിൽ സുരക്ഷ പദ്ധതിയിൽ തുടർച്ചയായി അംഗങ്ങളായവർക്ക് 'ഹദിയത്തു റഹ്മ'എന്ന പേരിൽ പ്രതിമാസ പെന്‍ഷന്‍ ആരംഭിക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സുരക്ഷ പദ്ധതി ആരംഭിച്ചതു മുതൽ നാലു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരോ 2018നു മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സൗദിയിൽനിന്നും ആറ് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരോ ആയ നിലവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെൻഷന് അർഹത. ഇപ്രകാരം അർഹത നേടുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിൽ അടുത്ത വർഷം മാർച്ച് മുതൽ പ്രതിമാസം 2000 രൂപയാണ് പെൻഷനായി നിക്ഷേപിക്കുക. സൗദി നാഷനല്‍ കെ.എം.സി.സി കമ്മിറ്റിക്കു കീഴിലുള്ള 35 സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേനയാണ് 'ഹദിയത്തു റഹ്മ'പദ്ധതി നടപ്പാക്കുന്നത്.
2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതിനുള്ള അപേക്ഷ സ്വീകരിക്കും. ശേഷം അർഹരായവർക്ക് മാര്‍ച്ച് മുതല്‍ പദ്ധതിപ്രകാരം പെൻഷൻ വിതരണം ആരംഭിക്കും. സുരക്ഷ പദ്ധതി നടക്കുന്ന ഒരു വര്‍ഷത്തേക്കായിരിക്കും പദ്ധതി നടപ്പാക്കുക. തൊട്ടടുത്ത വര്‍ഷം അംഗത്വം പുതുക്കാനും പുതിയ അംഗങ്ങള്‍ക്ക് പദ്ധതിയിൽ ചേരാനും അവസരമുണ്ടാകും. സൗദിയിലുണ്ടായിരുന്നപ്പോൾ പദ്ധതിയില്‍ അംഗമായിരുന്ന സെന്‍ട്രല്‍ കമ്മിറ്റി വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകള്‍ നാഷനൽ കമ്മിറ്റി നേരിട്ട് സ്വീകരിക്കുന്നതല്ല.
പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ഉദ്ഘാടനവും ഈ മാസാവസാനം കേരളത്തിൽ നടക്കുന്ന ചടങ്ങില്‍ മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കും. ഈ വര്‍ഷം ഇതുവരെ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ അംഗങ്ങൾക്കുമുള്ള മൂന്നു കോടി രൂപയുടെ ആനുകൂല്യ വിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അടുത്ത വര്‍ഷത്തെ സുരക്ഷ പദ്ധതി അംഗത്വ കാമ്പയിന്‍ ഈ മാസം 15ന് ആരംഭിച്ച് ഡിസംബര്‍ 15ന് അവസാനിക്കും.
www.mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അംഗത്വം പുതുക്കാം. സുരക്ഷ പദ്ധതിയില്‍ തുടര്‍ച്ചയായി അംഗത്വം നേടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നതിനാണ് കമ്മിറ്റി പ്രാമുഖ്യം നല്‍കുന്നതെന്നും ഇതുവരെ സുരക്ഷ പദ്ധതി പ്രകാരം ഏകദേശം 300ഓളം പേർക്ക് മരണാനന്തര ആനുകൂല്യം വിതരണം ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി സെൻട്രൽ കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നുവരുന്നതായും നവംബർ അവസാനത്തോടെ മുഴുവൻ സെൻട്രൽ കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പ് അവസാനിക്കുമെന്നും ഡിസംബറോടെ സൗദി നാഷനൽ കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പും പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.