ലഹരി വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ആരംഭിക്കും -കെ.പി. മുഹമ്മദ് കുട്ടി
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ വേൾഡ് കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി സംസാരിക്കുന്നു
ജിദ്ദ: നമ്മുടെ നാടിനെ ലഹരിമുക്ത കേരളമാക്കി മാറ്റാനായില്ലെങ്കിൽ പ്രവാസികൾക്ക് വിദേശത്തു സമാധാനത്തോടെ ജോലിചെയ്യാനാവാത്ത അവസ്ഥയുണ്ടാകുമെന്നും കെ.എം.സി.സിയുടെ നേതൃത്വത്തിൽ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കളടക്കമുള്ള കുടുംബാംഗങ്ങളുടെ കാര്യത്തിൽ ആധിയിലാണ് പ്രവാസി സമൂഹമെന്നും ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി കോഴിക്കോട് പടുത്തുയർത്താൻ ഉദ്ദേശിക്കുന്ന ഓഫീസ് കെട്ടിടം കെ.എം.സി.സി പ്രവർത്തകരുടെ ഫണ്ട് കൊണ്ട് മാത്രമുള്ളതായിരിക്കും. മറ്റുള്ളവരിൽനിന്ന് പിരിവെടുത്തായിരിക്കില്ല കെട്ടിടം നിർമ്മിക്കുക. സൗദിയിൽ കെ.എം.സി.സിയെ പടുത്തുയർത്താൻ കഷ്ടപ്പെട്ട പഴയകാല പ്രവർത്തകർക്കുള്ള ആശ്വാസ പദ്ധതിക്ക് കെ.എം.സി.സി രൂപം നൽകിയിട്ടുണ്ട്.
കെ.എം.സി.സി സുരക്ഷാ പദ്ധതി ജാതി, മത ഭേദമന്യേ ഏവർക്കും വലിയ ആശ്വാസമാവുകയാണ്. ഇനിയും പദ്ധതിയിൽ ചേരാൻ ബാക്കിയുള്ളവർ പദ്ധതിയിൽ ചേരാൻ ശ്രമിക്കണമെന്നും കെ.പി. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ വൈസ് ചെയർമാൻ, ജിദ്ദ, സൗദി കെ.എം.സി.സി കമ്മിറ്റികളുടെ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച കെ.പി. മുഹമ്മദ് കുട്ടി നിലവിൽ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനാണ്.
1980 ഇൽ മലപ്പുറത്ത് നടന്ന ഭാഷാസമരത്തിൽ മുഖ്യ പങ്ക് വഹിച്ചാണ് 1980 സെപ്റ്റംബർ ജിദ്ദയിൽ പ്രവാസിയായി എത്തിയത്. കെ.എം.സി.സിയെ സൗദിയിലാകെ വളർത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സ്വീകരണ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ചടങ്ങ് നിയന്ത്രിച്ചു. മുസ്ലിം ലീഗ് പാലക്കാട് ജില്ല പ്രസിഡന്റ് മരക്കാർ മൗലവി മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. സിദ്ദിഖ്, ചന്ദ്രിക അഡ്മിനിസ്ട്രേറ്റർ കെ.എം സൽമാൻ, സലാം ഫൈസി ഒളവട്ടൂർ, ഉബൈദുല്ല തങ്ങൾ, അഹമ്മദ് പാളയാട്ട്, നാസർ വെളിയങ്കോട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും വി.പി അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു. ജംഷീർ ഖുർആൻ പാരായണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.