കെ.എം.സി.സി വിന്റർ സോക്കർ ഫെസ്റ്റ്, ലെജന്റ് എഫ്.സി ദബിയ ജേതാക്കൾ
text_fieldsജിസാൻ: കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 15ാമത് വിന്റർ സോക്കർ ഫെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഹീറോസ് ജിസാനെ പരാജയപ്പെടുത്തി ലെജന്റ് എഫ്.സി ദബിയ ജേതാക്കളായി.
നിശ്ചിത സമയത്തും പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചപ്പോൾ ടോസിലൂടെയാണ് ജേതാക്കളെ നിർണയിച്ചത്. ജിസാനിലെയും ഖമീശ് മുശൈത്തിലെയും പ്രമുഖ എട്ട് ടീമുകൾ മാറ്റുരച്ച അത്യന്തം വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ കലാശപ്പോരിന് അർഹത നേടിയ ലെജന്റ് എഫ്.സി ദബിയയും ഇന്ത്യൻ ഹീറോസ് ജിസാനും കാണികളെ ആവേശം കൊള്ളിച്ച പ്രകടനം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റി. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി നിർവഹിച്ചു. ഫൈസൽ മേലാറ്റൂർ (ജല), ജിലു ബേബി (ഒ.ഐ.സി.സി), ഇസ്മായിൽ മാനു (തനിമ), ഷംസീർ സ്വലാഹി (ഇസ്ലാഹി സെന്റർ) തുടങ്ങി നിരവധി പേർ ടൂർണമെന്റ് കാണാനെത്തിയിരുന്നു.
അൽ-ഫാരിസ് കോൾഡ് സ്റ്റോർ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂരും, താജ് ജനൂബിയ ട്രേഡിങ് കമ്പനി സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാലിദ് പട്ലയും കൈമാറി. ടൂർണമെന്റ് ജേതാക്കൾക്കുള്ള മുഗൾ റസ്റ്റാറന്റ് സ്പോൺസർ ചെയ്ത പ്രൈസ് മണി മുഗൾ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ മൂന്നിയൂരും, റണ്ണേഴ്സിനുള്ള ഷിഫ ജസീറ പോളിക്ലിനിക് സ്പോൺസർ ചെയ്ത പ്രൈസ് മണി ഷിഫ മാനേജിങ് ഡയറക്ടർ ഗഫൂർ വാവൂരും കൈമാറി. ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന സ്കൂൾ കുട്ടികളുടെ മത്സരത്തിൽ വിജയികളായ റിയാദ് സബിയ സ്കൂളിനുള്ള വിന്നേഴ്സ് ട്രോഫി സെൻട്രൽ കമ്മിറ്റി ട്രഷറർ ഡോ. മൻസൂർ നാലകത്തും റണ്ണേഴ്സായ എജുനെറ്റ് അറേബ്യക്കുള്ള ട്രോഫി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സാദിഖ് മാഷ് മങ്കടയും കൈമാറി.
ടൂർണമെന്റിന്റെ താരമായി ലെജന്റ് എഫ്.സി താരം ഷമീം, ടോപ്സ്കോറർ ഫവാസ് (ഇന്ത്യൻ ഹീറോസ്), ബെസ്റ്റ് ഡിഫൻഡർ ജിൻഷാദ് (ലെജന്റ് എഫ്.സി), ബെസ്റ്റ് ഗോൾ കീപ്പർ സാദിഖ് (ഇന്ത്യൻ ഹീറോസ്) എന്നിവരെ തിരഞ്ഞെടുത്തു.
ഷൂട്ടൗട്ട് മത്സരത്തിൽ മുഹമ്മദ് തഷ്രീഫ് വിജയിയായി. സ്പോർട്സ് കൺവീനർ സിറാജ് പുല്ലൂരാമ്പാറയുടെ കോഓഡിനേഷനിൽ നടന്ന ടൂർണമെന്റിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ വി.ടി ഇരുമ്പുഴി, ജസ്മൽ വളമംഗലം, ബഷീർ ആക്കോട്, കെ.പി. ഷാഫി കൊടക്കല്ല്, മൂസ വലിയോറ, നാസർ വാക്കലൂർ, സുൽഫിക്കർ, വളന്റിയർ വിങ് ക്യാപ്റ്റൻ സമീർ അമ്പലപ്പാറ, സുബൈർ ഷാ, അക്ബർ പറപ്പൂർ, വിവിധ ഏരിയാ കമ്മിറ്റി പ്രതിനിധികൾ, തിരഞ്ഞെടുക്കപ്പെട്ട വളന്റിയർ ടീം അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കാളിത്തം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.