വനിത കെ.എം.സി.സി ‘പെണ്മ 2024’ സമാപിച്ചു
text_fieldsറിയാദ്: കെ.എം.സി.സി വനിത വിങ് ‘പെണ്മ 2024’ സമാപിച്ചു. നൂറുക്കണക്കിന് കുടുംബങ്ങൾ ഒത്തുകൂടിയ സംഗമത്തിൽ കുട്ടികളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, പ്രവർത്തന റിപ്പോർട്ട് അവതരണം, പ്രഭാഷണം തുടങ്ങിയവ അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു.
മലസ് ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ‘ജീവിതം മനോഹരമായ ഒരു കലയാണ്’ എന്ന വിഷയത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ പ്രഭാഷണം നടത്തി. ഏറ്റവും മനോഹരമായി ആവിഷ്കരിക്കേണ്ട ഒന്നാണ് കുടുംബ ജീവിതമെന്നും സ്നേഹവും സഹനവും ആർദ്രതയും കാരുണ്യവും സഹാനുഭൂതിയുമുള്ള മനുഷ്യരാവുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസം, സ്വഭാവ രൂപവത്കരണം, അവരുടെ അഭിരുചികൾ എന്നിവയിലൊക്കെ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. പ്രവാസി കുടുംബങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ചുറ്റുപാടുകളെ കുറിച്ചറിയാനുള്ള അവസരങ്ങൾ നൽകണം. സാമൂഹിക ജീവിയായ മനുഷ്യൻ സാമൂഹിക കടമകളെ കുറിച്ച് ബോധമുള്ളവരാവുക എന്നത് പ്രധാനമാണെന്നും പി.എം.എ. ഗഫൂർ അഭിപ്രായപ്പെട്ടു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്റഫ് വെള്ളപ്പാടത്ത്, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, റിയാദ് മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ, റിയാദ് ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷഹനാസ് അബ്ദുൽ ജലീൽ, കേളി സാംസ്കാരിക വേദി സെക്രട്ടറി ഷീബ കൂവോട്, എഴുത്തുകാരി സകീന ഓമശ്ശേരി എന്നിവർ സംസാരിച്ചു.
വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറർ ഹസ്ബിന നാസർ നന്ദിയും പറഞ്ഞു. വനിത വിങ്ങിന്റെ ഉപഹാരം പി.എം.എ. ഗഫൂറിന് പ്രസിഡന്റ് റഹ്മത്ത് അഷ്റഫ് സമ്മാനിച്ചു.
സി.പി. മുസ്തഫക്ക് പി.എം.എ. ഗഫൂറും ഉപഹാരം കൈമാറി. ഫസ്ന ഷാഹിദ്, തിഫ്ല അനസ്, സാറ നിസാർ, ഖമർബാനു അബ്ദുൽ സലാം, നിഖില സമീർ, സീന ഷാനവാസ്, സ്മിത മൊയ്ദീൻ, സബ്ന, ഫരീദ ബഷീർ എന്നിവർ പങ്കെടുത്തു. സഹല സമീർ ഖിറാഅത്ത് നിർവഹിച്ചു. ഹിബ അബ്ദുൽ സലാം പരിപാടിയുടെ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.