കെ.എം.സി.സി വനിത വിങ് രണ്ട് ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ കൈമാറി
text_fieldsറിയാദ്: വിവാഹം, ചികിത്സ, വീട് നിർമാണം, വരുമാന മാർഗം കണ്ടെത്തൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി റിയാദ് കെ.എം.സി.സി വനിത കമ്മിറ്റി രണ്ട് ലക്ഷം രൂപയുടെ സഹായം നാട്ടിൽ കൈമാറി. കേരളത്തിലെ വിവിധ ജില്ലകളിൽ ഉൾപ്പെട്ട നിർധനരായ കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയത്. കണ്ണൂർ മലൂർ പഞ്ചായത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് 20,000 രൂപയും കണ്ണൂർ ജില്ലയിൽ തന്നെയുള്ള ചിത്രലേഖക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് വേണ്ടി 10,000 രൂപയും കൈമാറി.
തൃശൂർ പാവറട്ടി വെണ്മനാട് പഞ്ചായത്തിൽ താമസിക്കുന്ന കാരണത്ത് തങ്കമണി എന്നവരുടെ ചികിത്സക്ക് 15,000 രൂപ നൽകി. കരൾ മാറ്റൽ ശാസ്ത്രക്രിയക്ക് വിധേയയായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന് 25,000 രൂപ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം കുടുംബത്തിന് കൈമാറി.
കോഴിക്കോട് താമരശ്ശേരി സ്വദേശിയുടെ ഭവനനിർമാണത്തിന് 55,000 രൂപയും മലപ്പുറം ഏറനാട് താമസിക്കുന്ന വൃദ്ധയായ സ്ത്രീക്ക് നിർമിക്കുന്ന വീടിന് 25,000 രൂപയും തിരുനാവായയുള്ള ഒരു കുടുംബത്തിന്റെ വീട് നിർമാണത്തിന് 40,000 രൂപയും കൈമാറി.
ശരീരത്തിന്റെ ഒരുഭാഗം തളർന്നയാൾക്ക് ചികിത്സ സഹായമായി 15,000 രൂപയും വനിത കെ.എം.സി.സി കമ്മിറ്റിയുടെ സഹായമായി നൽകി. വിവിധ മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖേനയും ബാങ്ക് വഴി കുടുംബങ്ങൾക്ക് നേരിട്ടുമാണ് സഹായങ്ങൾ കൈമാറിയതെന്ന് റിയാദ് കെ.എം.സി.സി വനിതാവിങ് ഭാരവാഹികളായ പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബീന നാസർ, മറ്റു ഭാരവാഹികളായ നജ്മ ഹാഷിം, തിഫ്ല അനസ്, സബിത മുഹമ്മദലി, സാറ നിസാർ, ഫസ്ന ഷാഹിദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.