കെ.എം.സി.സി പ്രവർത്തകർ കാലത്തിെൻറ കാവലാളാകണം -സാദിഖലി തങ്ങൾ
text_fieldsറിയാദ്: കാലത്തിെൻറ കാവലാളാകാൻ കെ.എം.സി.സി പ്രവർത്തകർ തയാറാകണമെന്നും പ്രവാസിക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സംസ്ഥാന മുസ്ലിംലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളുടെ വിർച്വൽ മീറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
പ്രവാസികളുടെ ജീവൽപ്രധാനമായ വിഷയങ്ങളിൽ സമർപ്പണബോധത്തോടെ ഇടപെടുന്ന സൗദി കെ.എം.സി.സിയുടെ കരുത്തുറ്റ പദ്ധതിയാണ് സുരക്ഷാ പദ്ധതിയെന്നും കൂടുതൽ പ്രവാസികളിലേക്ക് ഈ പദ്ധതിയുടെ സന്ദേശം എത്തിക്കാനും അവരെ ചേർത്തുനിർത്തി ആപത്ഘട്ടങ്ങളിൽ കൈത്താങ്ങാകാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയാണ് സാമൂഹിക സുരക്ഷാ പദ്ധതി. ഇതുവഴി സൗദിയിലെ പ്രവാസി സമൂഹത്തിെൻറ പ്രതീക്ഷയായി മാറിയ കെ.എം.സി.സി ഇനിയും നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ദിശാബോധം നൽകി മുന്നേറണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി പ്രഫ. ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ എന്നിവർ സംസാരിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി ചർച്ചക്ക് തുടക്കം കുറിച്ചു. കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള, നിസാം മമ്പാട്, വി.കെ. മുഹമ്മദ്, ഷറഫുദ്ദീൻ കന്നേറ്റി, കരീം താമരശ്ശേരി, സൈദ് മൂന്നിയൂർ, സുലൈമാൻ മാളിയേക്കൽ, മുഹമ്മദ് സാലി നാലകത്ത്, ലത്തീഫ് തച്ചംപൊയിൽ, ഉസ്മാനലി പാലത്തിങ്ങൽ, ബഷീർ മൂന്നിയൂർ, ആലിക്കുട്ടി ഒളവട്ടൂർ, നാസർ വെളിയങ്കോട്, ഫൈസൽ ബാബു, ബഷീർ മാള, സമദ് പട്ടനിൽ, സൈദ് അരീക്കര, സമദ് ആഞ്ഞിലങ്ങാടി, നാസർ എടവണ്ണക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സെക്രട്ടറി ഹാരിസ് കല്ലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.