രാഷ്ട്രീയ ഭൂരിപക്ഷം വർഗീയ ഭൂരിപക്ഷമായി മാറ്റപ്പെടുന്നത് ജനാധിപത്യത്തിന് ആപത്ത് -കെ.എൻ.എ. ഖാദർ
text_fieldsജുബൈൽ: രാഷ്ട്രീയ ഭൂരിപക്ഷം വർഗീയ ഭൂരിപക്ഷമായി മാറ്റപ്പെടുന്നത് ജനാധിപത്യത്തിന് ആപത്താണെന്ന് മുസ്ലിം ലീഗ് ദേശീയ നിർവാഹക സിമിതി അംഗവും മുൻ എം.എൽ.എയുമായ അഡ്വ. കെ.എൻ.എ. ഖാദർ.
ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ‘ഇന്ത്യൻ ജനാധിപത്യം: പ്രതീക്ഷയും വെല്ലുവിളികളും’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ ആധിപത്യമല്ല, മറിച്ച് വ്യത്യസ്തനായിരിക്കാനുള്ള അവകാശമാണ് ജനാധിപത്യം. വേറിട്ട ശബ്ദങ്ങൾ തിരിച്ചറിയപ്പെടാനുള്ള വിശാലത ജനാധിപത്യത്തിൽ അന്തർലീനമായിരിക്കുന്നു. ജനങ്ങൾ സ്നേഹിച്ചും സഹകരിച്ചും ജീവിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വർഗീയ ചേരിതിരിവുകൾ നിർമിക്കപ്പെടുന്നത് രാഷ്ട്രീയ താൽപര്യങ്ങൾക്കായാണ്. നിരവധി ഭാഷാമൊഴികൾകൊണ്ടും സാംസ്കാരിക വൈവിധ്യംകൊണ്ടും സമ്പന്നമായ ഒരു സെക്കുലർ രാജ്യമാണ് ഇന്ത്യ. സ്നേഹവും സാഹോദര്യവുമാണ് എല്ലാ മതങ്ങളും മാനവരാശിയോട് ഉദ്ബോധനം ചെയ്യുന്നത്.
സാംസ്കാരിക നവോത്ഥാനത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയിലൂടെയും മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും സെക്കുലറിസവും പൗരാവകാശങ്ങളും രാജ്യത്ത് നിലനിർത്താനും വർഗീയ ചേരിതിരിവുകൾ ഇല്ലാതാക്കാനും സാധിക്കുകയുള്ളൂ.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയും നാരായണഗുരുവിന്റെയും ആദർശങ്ങളുടെ അകക്കാമ്പും നാം അവ ഉൾക്കൊണ്ട് മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സനൽ കുമാർ, സിദ്ദീഖ് പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു.
ഷംസുദ്ദീൻ സ്വാഗതവും ശിഹാബ് കൊടുവള്ളി നന്ദിയും പറഞ്ഞു. ഫിബിൻ പന്തപ്പാടൻ രചിച്ച ‘സുഹ്റ: ഒരു ഏറനാടൻ ഇശലുകാരി’ എന്ന പുസ്തകം കെ.എൻ.എ. ഖാദർ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.