കോടിയേരിയുടെ വിട നികത്താനാകാത്ത നഷ്ടം -ജിദ്ദ നവോദയ
text_fieldsജിദ്ദ: പാർട്ടി തന്നെയാണ് ജീവിതം എന്ന് കാണിച്ചുതന്ന ഉറച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു കോടിയേരിയെന്ന് ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്ന കോടിയേരിയുടെ ജിദ്ദ സന്ദർശനം നവോദയ പ്രവർത്തകർക്ക് നൽകിയ ഊർജം വളരെ വലുതായിരുന്നു.
വിദ്യാര്‍ത്ഥി, യുവജന രംഗങ്ങളിലൂടെ പാര്‍ടിയുടെ നേതൃനിരയിലേക്കു വളര്‍ന്നു വന്ന അദ്ദേഹം ത്യാഗപൂര്‍ണവും യാതനാ നിര്‍ഭരവുമായ ജീവിതം നയിച്ചു. പാര്‍ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ടിക്കായി സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു കോടിയേരിയുടേത്.
സി.പി.എമ്മിനെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം എല്‍.ഡി.എഫിന് ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. ഇത്തരത്തിൽ എല്ലാവരുടെയും പ്രിയങ്കരനായി മാറിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന് നവോദയ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് എട്ട് മണിക്ക് നവോദയ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ ശറഫിയ കരം ഹോട്ടലിൽ വെച്ച് കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗം ഉണ്ടായിരിക്കുമെന്നും നവോദയ കേന്ദ്ര കമ്മിറ്റി അറിയിച്ചു.
സി.പി.എമ്മിലെ സൗമ്യനായ നേതാവ് - ജിദ്ദ ഒ.ഐ.സി.സി
സി.പി.എമ്മിലെ സൗമ്യനായ നേതാവായിരുന്നു അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ എന്ന് ഒ.ഐ.സി.സി സൗദി വെസ്‌റ്റേൺ റിജിയനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രീയം ജീവശ്വാസമാക്കി കക്ഷി രാഷ്ട്രീയങ്ങൾക്കപ്പറം വ്യക്തിബന്ധങ്ങൾക്കു അദ്ദേഹം വില കല്പിച്ചു. പാർട്ടി സെക്രട്ടറി എന്ന നിലയിലും ആഭ്യന്തരമന്ത്രി, പ്രതിപക്ഷ ഉപനേതാവ് എന്ന നിലകളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ അദ്ദേഹം പരിശ്രമിച്ചു.
കലാലയ രാഷ്ട്രീയത്തിലൂടെ കടന്നുവന്നു ഉന്നതങ്ങളിൽ എത്തിയ അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരമായി മാറി. പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചപ്പോഴും എതിർ പക്ഷ രാഷ്ട്രീയക്കാരോടും പൊതു പ്രവർത്തകരോടും സൗഹ്ര്യദം എന്നും കാത്ത് സൂക്ഷിച്ച അദ്ദേഹത്തിന്റെ വിയോഗം സി.പി.എം പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും ഉണ്ടാക്കുന്ന നഷ്ടം വലുതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ജിദ്ദ റീജിയനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു. പ്രവാസികളുടെ വിഷയങ്ങളിൽ അഗാതമായ അറിവും അനുഭാവപൂർണ്ണമായ പരിഗണനയും നൽകിയതായി റിജിയനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അനുശോചന കുറിപ്പിൽ പറഞ്ഞു.
സൗദി ഐ.എം.സി.സി അനുശോചനം
സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും പാർട്ടിയുടെ മുൻ സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ ഐ.എം.സി.സി സൗദി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും ഇടതുപക്ഷ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവുമായിരുന്നു കോടിയേരി. നിലപാടുകളിൽ തികഞ്ഞ കൃത്യതയും സത്യസന്ധതയും പുലർത്തിയ നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന് തീരാ നഷ്ട്ടമാണ്. കോടിയേരിയുടെ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഐ.എം.സി.സി ഭാരവാഹികളായ എ.എം അബ്ദുല്ലകുട്ടി, സയ്യിദ് ഷാഹുൽ ഹമീദ്, കരീം മൗലവി കട്ടിപ്പാറ, മുഫീദ് കൂരിയാടൻ, മൻസൂർ വണ്ടൂർ, യൂനുസ് മൂന്നിയൂർ, ബഷീർ കൊടുവള്ളി, നൗഷാദ് മാരിയാട്, മൊയ്‌തീൻ ഹാജി തിരൂരങ്ങാടി, അബ്ദുൽ കരീം പയമ്പ്ര, എ.പി അബ്ദുൽ ഗഫൂർ, നവാഫ് ഒസി, ഷാജി അരിമ്പ്രത്തൊടി, എപി. മുഹമ്മദ്കുട്ടി, സിഎച്ച് അബ്ദുൽ ജലീൽ, ഖലീൽ ചട്ടഞ്ചാൽ, എം.എം അബ്ദുൽ മജീദ്, ഹനീഫ പുത്തൂർമഠം, എം.കെ അബ്ദുൽ റഹിമാൻ, ഇബ്രാഹിം വേങ്ങര, ഷാജഹാൻ ബാവ, ഫാസിൽ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.