സൗദിയിൽ മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷ കൊടുവള്ളി സ്വദേശിയെ കൊന്ന കേസിൽ
text_fieldsജുബൈൽ: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബ്ലാങ്കറ്റിൽ പൊതിച്ച് ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളായ മലയാളിയുടെയും നാലു സൗദി പൗരന്മാരുടെയും വധശിക്ഷ നടപ്പാക്കി. കൊടുവള്ളി മണിപുരം ചുള്ളിയാട്ട് പൊയിൽ വീട്ടിൽ അഹമ്മദ് കുട്ടി -ഖദീജ ദമ്പതികളുടെ മകൻ സമീറിനെ 2016 ജൂലൈ ഏഴിന് പെരുന്നാൾ ദിനത്തിലാണ് ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ്, സൗദി പൗരന്മാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽഅവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽസമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽമുസ്‌ലിമി എന്നിവരാണ് പ്രതികളായി പിടിക്കപ്പെട്ടത്. പിന്നീട് സൗദി കോടതി വധശിക്ഷ വിധിച്ചു. ജുബൈലിൽ ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയത്.
2016 ജൂലൈ ആറിന് സമീറിനെയും സുഹൃത്തിനേയും കാണാതാവുകയായിരുന്നു. പിറ്റേന്ന് ജുബൈൽ വർക്ക്ഷോപ്പ് ഏരിയയിലെ മണലും സിമൻറും വിൽക്കുന്ന ഭാഗത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കാണപ്പെടുകയും പിന്നീട് പരിശോധന വഴി സമീർ ആണെന്ന് ഉറപ്പിക്കുകയുമായിരുന്നു. ജുബൈൽ പൊലീസ് മലയാളികളായ നിരവധി പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. മൃതദേഹം കണ്ടെത്തിയ ഭാഗത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് തുമ്പുണ്ടായത്.
കുഴൽപ്പണ സംഘത്തേയും മദ്യവാറ്റുകാരേയും കൊള്ളയടിക്കുന്ന സംഘമാണ് സമീറിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്വദേശികളുടെ സംഘത്തിെൻറ സഹായിയായിരുന്നു തൃശൂർ സ്വദേശി സിദ്ദീഖ്. മദ്യവാറ്റു കേന്ദ്രത്തിെൻറ നടത്തിപ്പുകാരൻ എന്ന് തെറ്റിദ്ധരിച്ചാണ് സമീറിനെയും സുഹൃത്തിനെയും സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഖഫ്ജി റോഡിലെ ആളൊഴിഞ്ഞ കൃഷിയിടത്തിലെ കെട്ടിടത്തിൽ താമസിപ്പിച്ച് പീഡനമേൽപിച്ചു. പണം ആവശ്യപ്പെട്ടുള്ള ക്രൂരമർദനമാണുണ്ടായത്. ക്രൂര പീഡനമേറ്റ് സമീർ അബോധാവസ്ഥയിലായി. തുടർന്ന് പ്രതികൾ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് വഴിയരുകിൽ ഉപേക്ഷിച്ചു. എന്നാൽ അപ്പോഴേക്കും സമീർ കൊല്ലപ്പെട്ടിരുന്നു. സമീറിെൻറ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം മർദ്ദിച്ചിരുന്നു. പരിക്കേറ്റ അയാളെ വഴിയിലിറക്കിവിട്ടു.
ജുബൈൽ പൊലീസിലെ കുറ്റന്വേഷണ വിഭാഗം മേധാവി മേജർ തുർക്കി നാസർ അൽ-മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റൻ അബ്ദുൽ അസീസ്, ക്യാപ്റ്റൻ ഖാലിദ് അൽ-ഹംദി എന്നിവരുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വോഡ് രൂപവത്കരിച്ചാണ് 17 ദിവസം കൊണ്ട് പ്രതികളെ പിടികൂടിയത്. കുടുംബത്തിെൻറ ഏക അത്താണിയായിരുന്ന സമീറിെൻറ മരണം വൃദ്ധരായ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ജീവിതം കൂടുതൽ ദുരിതത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.