Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊണ്ടോട്ടി ശിഹാബ്...

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

text_fields
bookmark_border
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു
cancel

ജിദ്ദ: നിർധന രോഗികളായ ആയിരങ്ങൾക്ക് ആശ്രയമേകുന്ന മലപ്പുറം കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കാരുണ്യപ്രവർത്തന മേഖല വിപുലപ്പെടുത്താനൊരുങ്ങുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനും മറ്റുമായി കൊണ്ടോട്ടി വെട്ടുകാട് പ്രദേശത്ത് 40 ബെഡുകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ ജബ്ബാർ ഹാജി അറിയിച്ചു.

ശിഹാബ് തങ്ങൾ എംപവർമെന്റ് പാലിയേറ്റീവ് സോൺ (സ്റ്റെപ്സ്) എന്ന പേരിലാണ് പദ്ധതി നിലവിൽ വരുന്നത്. കിടപ്പുരോഗികളായവരെ വീടുകളിലെത്തി പരിചരിക്കൽ, സഹായത്തിനാളില്ലാത്ത അ​ഗതികളുടെ സംരക്ഷണം ഏറ്റെടുക്കൽ തുടങ്ങിയവയും സ്റ്റെപ്സ് പദ്ധതിയുടെ ലക്ഷ്യമാണ്.

2015 ൽ ആറ് മെഷീനുകൾ ഉപയോഗിച്ച് 21 രോഗികൾക്ക് ആശ്രയമായി തുടങ്ങിയ ഡയാലിസിസ് സെൻററിൽ നിലവിൽ 43 മെഷീനുകളിലായി 258 നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുവാനുള്ള സൗകര്യമുണ്ട്. ഇതിനോടകം 1,70,000 ത്തോളം ഡയാലിസിസുകൾ പൂർണമായും സൗജന്യമായി ചെയ്തുകൊടുക്കാൻ സാധിച്ചു. നിലവിൽ 460 ഓളം അപേക്ഷകൾ കാത്തുകിടക്കുകയാണ്. 200 ലേറെ രോഗികൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്തുവരുന്നു. കാഴ്ച പരിമിതരായ ഭിന്നശേഷിക്കാർക്ക് സൈക്കിൾ അസംബ്ലിങ് യൂനിറ്റ് സ്ഥാപിച്ച് അവരുടെ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമായ തൊഴിൽ നൽകുന്നു.

കിഡ്നി രോഗം നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധ പ്രവർത്തനത്തിനുമായി 2021 ൽ ആരംഭിച്ച മൊബൈൽ ലബോട്ടറി വിജയകരമായി നടന്നുവരുന്നു. മൂന്നു വർഷത്തിനിടെ 470 ലേറെ വൃക്കരോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. അതുവഴി 90,000 ഓളം പേരെ പരിശോധിക്കാനും 2,500 ഓളം വൃക്കരോഗികളെ കണ്ടെത്താനും കഴിഞ്ഞു. അവർക്കാവശ്യമായ ബോധവത്കരണവും ചികിത്സയും നൽകിവരുന്നു. വൃക്കരോഗമടക്കം പല രോഗങ്ങൾക്കും കാരണമാകുന്ന കുടിവെള്ള മാലിന്യത്തെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും മൊബൈൽ വാട്ടർ അനാലിസിസ് ക്യാമ്പുകൾ നടന്നുവരുന്നു. ഇതുമുഖേന 4,500 കിണറുകളിലെ വെള്ളം പരിശോധന നടത്തി. സെന്ററിൽ ആധുനിക ലബോറട്ടറി, ഫാർമസി, ഫിസിയോ തെറാപ്പി സെന്ററുകളും പ്രവർത്തിച്ചുവരുന്നു.

സെന്ററിന് കീഴിൽ കർണാടകയിൽ നടത്തിയ ക്യാമ്പുകളിൽ 2,980 പരിശോധനകൾ നടത്തിയതിൽ കേവലം രണ്ട് പേർക്ക് മാത്രമാണ് കിഡ്‌നി രോഗം കണ്ടെത്താനായതെന്നും എന്നാൽ കേരളത്തിൽ ഓരോ ക്യാമ്പുകളിൽ പരിശോധന നടത്തുമ്പോഴും ആറ് മുതൽ 15 പേർ വൃക്കരോഗികളായി കണ്ടെത്തുന്നുണ്ടെന്നും പി.എ ജബ്ബാർ ഹാജി അറിയിച്ചു. കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചു ഉയരുന്നതായാണ് ഇത് കാണിക്കുന്ന​ത്. കുടിവെള്ളത്തിലെ മാലിന്യവും അന്യസംസ്ഥാനത്ത് നിന്നും മറ്റും വരുന്ന വിഷമടിച്ച പച്ചക്കറികളും മറ്റു ഭക്ഷണ പദാർത്ഥങ്ങളുമൊക്കെയാണ് ഇതിന് കാരണമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സേവനങ്ങളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും പ്രവാസികളുടെയും മറ്റുള്ളവരുടെയും അകമഴിഞ്ഞ സഹായം കൊണ്ടാണ് സെന്ററിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. സെന്റർ ഡയറക്ടറും ഉപദേശക സമിതി അംഗവുമായ ബാബു നഹ്ദി, നൗഷാദ് വാഴയൂർ, ലത്തീഫ് ചീക്കോട് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dialysis Center
News Summary - Kondoty Shihab Thangal Dialysis Center
Next Story