കോട്ടക്കൽ കെ.എം.സി.സി മക്ക, ത്വാഇഫ് പഠനയാത്ര സംഘടിപ്പിച്ചു
text_fieldsജിദ്ദ: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി മക്ക, ത്വാഇഫ് പഠനയാത്ര സംഘടിപ്പിച്ചു. വിനോദവും വിജ്ഞാനവും നിറഞ്ഞ യാത്രയിൽ നിരവധി കുടുംബിനികളും കുട്ടികളും പങ്കെടുത്തു. ചരിത്രപ്രധാന സ്ഥലങ്ങളും പ്രകൃതിസുന്ദര സ്ഥലങ്ങളും കാണാൻ കഴിഞ്ഞ യാത്ര പലർക്കും നവ്യാനുഭവമായിരുന്നു. ശറഫിയ്യയിൽനിന്ന് പുറപ്പെട്ട സംഘം മക്കയിലെ ചരിത്രപ്രധാന സ്ഥലങ്ങളായ ഹുദൈബിയ, ഹജ്ജ് കർമങ്ങൾ നടക്കുന്ന അറഫ, മുസ്ദലിഫ, മിന, ജംറകൾ എന്നിവയും ശേഷം ജബലുന്നൂർ, സുബൈദ കനാൽ എന്നിവയും കണ്ട് ത്വാഇഫിലേക്ക് നീങ്ങി.
ത്വാഇഫിൽ പ്രശസ്തമായ ഇബ്നു അബ്ബാസ് മസ്ജിദ്, മസ്ജിദ് ഹുനൂദ്, മസ്ജിദ് അദ്ദാസ്, മീഖാത് മസ്ജിദ് എന്നിവയും പ്രവാചകനുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളോടൊപ്പം പ്രകൃതിസുന്ദരമായ വെജ് വാലി, ശഫ പർവതം, മൃഗശാല, റുദാഫ് പാർക്ക് തുടങ്ങിയവയും സന്ദർശിച്ചു. നാടിനെ ഓർമിപ്പിക്കുന്ന ത്വാഇഫിലെ പച്ചപ്പുനിറഞ്ഞ താഴ്വരകളും കൃഷിയിടങ്ങളും കുട്ടികളുൾപ്പെടെയുള്ള സംഘത്തിന് പുത്തൻ അനുഭവമായിരുന്നു. ഷെസ ഫാത്തിമ, മുഹമ്മദ് ഇദാസ്, ഹബീബ് മുത്തു, വാഹിദ് എന്നിവർ ഗാനങ്ങളാലപിച്ചു.
ഹംദാൻ ബാബു ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. കെ.എം. ഷാജി പരപ്പനാടൻ, സി.കെ. കുഞ്ഞുട്ടി, ആബിദ് തയ്യിൽ എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇവർക്കുള്ള സമ്മാനങ്ങൾ മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ വിതരണം ചെയ്തു. ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, മൊയ്‌ദീൻ എടയൂർ, ജാഫർ നീറ്റുകാട്ടിൽ, അൻവർ പൂവല്ലൂർ, ഷാജഹാൻ പൊന്മള, ശരീഫ് കൂരിയാട്, ഹംദാൻ ബാബു കോട്ടക്കൽ, സി.കെ. കുഞ്ഞുട്ടി, മുസ്തഫ വളാഞ്ചേരി, വി. അഹ്‌മദ് കുട്ടി, സമദലി വട്ടപ്പറമ്പ് തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.