കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികാഘോഷം വെള്ളിയാഴ്ച
text_fieldsറിയാദ്: കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികാഘോഷം ‘ഈദ് വിത്ത് എം.ജി’ എന്ന പേരിൽ വെള്ളിയാഴ്ച റിയാദ് അൽഹയർ അൽഉവൈദ ഫാം ഹൗസിൽ നടക്കും. വൈകീട്ട് ആറിന് നടക്കുന്ന ആഘോഷ പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറാണ് മുഖ്യാതിഥിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വടകര എം.പി കെ. മുരളീധരൻ ആഘോഷം ഉദ്ഘാടനം ചെയ്യും.
റിയാദിൽ ആദ്യമായാണ് എം.ജി. ശ്രീകുമാർ എത്തുന്നത്. കൂടാതെ പിന്നണി ഗായകരായ മൃദുല വാര്യർ, അഞ്ജു ജോസഫ്, റഹ്മാൻ എന്നിവരും പരിപാടിയുടെ ഭാഗമാവും. ദേവിക നൃത്തവിദ്യാലയത്തിലെ കലാകാരന്മാരും റിയാദിലെ പ്രവാസി ഗായകരും ആഘോഷത്തിന് പൊലിമ കൂട്ടാൻ വേദിയിൽ അണിചേരും.
നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യവുമായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊയിലാണ്ടി കൂട്ടം ഇന്ത്യയിലും വിദേശത്തുമായി 11 ചാപ്റ്ററുകളും ഒരു ലക്ഷത്തോളം അംഗങ്ങളുമുള്ള ഫേസ്ബുക് കൂട്ടായ്മയാണ്. കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതക്കും മുൻതൂക്കം നൽകുന്ന സംഘടന എന്ന രീതിയിൽ അനവധി ജീവകാരുണ്യ പ്രവത്തനങ്ങൾ നടത്താൻ സ്വദേശത്തും വിദേശത്തുമായി കൊയിലാണ്ടി കൂട്ടത്തിന് സാധിച്ചതായും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ചെയർമാൻ റാഫി കൊയിലാണ്ടി, ഉപദേശകസമതിയംഗം പുഷ്പരാജ്, പ്രസിഡൻറ് നൗഫൽ സിറ്റിഫ്ലവർ, സെക്രട്ടറി നിബിൻ ഇന്ദ്രനീലം, ട്രഷറർ ഷഹീൻ തൊണ്ടിയിൽ, പ്രോഗ്രാം ചെയർമാൻ റാഷിദ് ദയ, പ്രോഗ്രാം കോഓഡിനേറ്റർ നൗഷാദ് കണ്ണങ്കടവ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.