കൊയിലാണ്ടി നാട്ടുകൂട്ടം ലോഗോ പ്രകാശനവും സൗഹൃദ സംഗമവും
text_fieldsറിയാദ്: അഞ്ചു വർഷക്കാലമായി കൊയിലാണ്ടിക്കാരുടെയും പരിസരവാസികളുടെയും കൂട്ടായ്മയായി പ്രവർത്തിക്കുന്ന ഫ്രൻഡ്സ് ഓഫ് റിയാദ്, ഇനി മുതൽ ‘കൊയിലാണ്ടി നാട്ടുകൂട്ടം’ എന്ന പേരിൽ പ്രാദേശിക സംഘടന തലത്തിലേക്കുയർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിൽ ഫ്രൻഡ്സ് ഓഫ് റിയാദ് എന്ന പേരിൽ മികച്ച സംഘടന പ്രവർത്തനങ്ങളുമായി സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ സജീവമായിരുന്നവരാണ് പുതിയ പേര് സ്വീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പ്രാദേശിക കൂട്ടായ്മയെന്ന നിലയിൽ മഹത്തായ ആറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തുടർ പ്രയാണം ചരിത്ര തിരുശേഷിപ്പുകൾകൊണ്ട് സമ്പന്നമായ കൊയിലാണ്ടിയുടെ പേരിൽ തന്നെയായിരിക്കണം എന്ന ഉറച്ച തീരുമാനത്തിൽ നിന്നാണ് ‘കടലോളം കാരുണ്യം, കടൽ താണ്ടിയ നാട്ടുനന്മ’ എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ‘കൊയിലാണ്ടി നാട്ടുകൂട്ട’ത്തിന്റെ തിരുപ്പിറവി.
നാട്ടുനന്മയുടെ നേരും നെറിയും മുഖമുദ്രയാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈകോർക്കുമ്പോൾ അവിടെ കലയും സാഹിത്യവും അന്യമാവുന്നില്ല എന്നതാണ് കൊയിലാണ്ടി നാട്ടുകൂട്ടത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
റിയാദിലെ സ്വാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഘടനയുടെ ലോഗോ പ്രകാശനവും സൗഹൃദ സംഗമവും ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമലേന്ദു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജയ്സൽ നടുവണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.